'കോൺഗ്രസ്​ എല്ലാ ജനങ്ങളേയും മതങ്ങളേയും ജാതികളേയും ഒരുപോലെ ബഹുമാനിക്കുന്നു'; രാഹുലിനെ തിരുത്തി ഗുലാംനബി

കശ്മീർ: എല്ലാ ജനങ്ങളേയും മതങ്ങളെയും ജാതികളെയും ഒരുപോലെ ബഹുമാനിക്കുന്നുവെന്നതാണ് കോൺഗ്രസിന്‍റെ കരു​െത്തന്ന് ഗുലാം നബി ആസാദ്. ശനിയാഴ്ച ജമ്മുവിലെ ശാന്തി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജമ്മു കശ്മീർ അല്ലെങ്കിൽ ലഡാക്ക് ആകട്ടെ, ഞങ്ങൾ എല്ലാ മതങ്ങളെയും ആളുകളെയും ജാതികളെയും ബഹുമാനിക്കുന്നു. എല്ലാവരേയും ഞങ്ങൾ തുല്യമായി ആദരിക്കുന്നു. അതാണ് ഞങ്ങളുടെ ശക്തി. ഇത് ഞങ്ങൾ തുടരും'-ഗുലാം നബി പറഞ്ഞു.


രാഹുൽ ഗാന്ധി തിരുവനന്തപുരത്ത്​ നടത്തിയ പ്രസ്​താവനയെ പരോക്ഷമായി തിരുത്തിക്കൊണ്ടണ്​ ഗുലാംനബി ആസാദ് കശ്​മീരിൽ സംസാരിച്ചത്​​. തിരുവനന്തപുരത്ത് നടന്ന റാലിക്കിടെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്​താവന വിവാദമായിരുന്നു. 'ആദ്യത്തെ 15 വർഷം ഞാൻ വടക്ക് എംപിയായിരുന്നു. മറ്റൊരു തരത്തിലുള്ള രാഷ്ട്രീയവുമായി ഞാൻ പൊരുത്തപ്പെട്ടിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലേക്ക് വരുന്നത് വളരെ ഉന്മേഷഭരിതമായ അനുഭവമായിരുന്നു. ഇവിടെ ആളുകളുടെ താൽപ്പര്യം വിഷയാധിഷ്​ഠിതമാണ്​. അത്​ വെറ​ും ഉപരിപ്ലവമല്ല. വിഷയങ്ങളോട്​ വിശദാംശങ്ങളിൽതന്നെ ഇവിടത്തുകാർക്ക്​ താൽപ്പര്യമുണ്ട്​' -രാഹുൽ പറഞ്ഞു. ഇതാണ്​ ഗുലാംനബി ആസാദ്​ തിരുത്തിയത്​.

മുതിർന്ന കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, കപിൽ സിബൽ, രാജ് ബബ്ബാർ, വിവേക് തൻഖ എന്നിവരും ഗുലാം നബിക്കൊപ്പം ശാന്തി സമ്മേളനത്തിൽ പങ്കെടുത്തു. ഈ നേതാക്കൾ പാർട്ടിയിൽ തിരുത്തൽവാദികളായാണ്​ അറിയപ്പെടുന്നത്​. 23 മുതിർന്ന നേതാക്കൾ കോൺഗ്രസ്​ പ്രസിഡന്‍റ്​ സോണിയ ഗാന്ധിക്ക് പാർട്ടിയിൽ പരിവർത്തനം ആവശ്യപ്പെട്ട്​ കത്തയച്ചിരുന്നു. ഇവരാണ്​ പരിഷ്​കരണവാദികൾ എന്ന്​ അറിയപ്പെടുന്നത്​. ജമ്മു കശ്മീരിലെ മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തെക്കുറിച്ചും ഗുലാംനബി വിശദീകരിച്ചു. 'കഴിഞ്ഞ അഞ്ച്-ആറ് വർഷത്തിനിടയിൽ ഈ സുഹൃത്തുക്കളെല്ലാം പാർലമെന്‍റിൽ എന്നോടൊപ്പം കശ്മീരിനുവേണ്ടി സംസാരിച്ചിരുന്നു. കശ്​മീരിലെ തൊഴിലില്ലായ്മ, സംസ്ഥാന പദവി നീക്കം ചെയ്യുക, വ്യവസായങ്ങളും വിദ്യാഭ്യാസവും നശിപ്പിക്കുക, ജിഎസ്ടി നടപ്പാക്കുക തുടങ്ങി എല്ലാ വിഷയങ്ങളിലും ഇവർ സംസാരിച്ചിട്ടുണ്ട്​. അതാണ്​ ഇവർ ഇവിടെയെത്താൻ കാരണം'-ആസാദ്​ പറഞ്ഞു.


ക​ശ്​മീരിൽ നടക്കുക പാർട്ടിയുടെ ശക്തി പ്രകടനമാണെന്നും​ രാഹുൽ ഗാന്ധിക്കുള്ള സന്ദേശമാണെന്നും തിരുത്തൽവാദി നേതാക്കളിൽ ഒരാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'ഇന്ത്യ ഒന്നാണെന്ന്​ ഞങ്ങൾ രാജ്യത്തിന്‍റെ വടക്ക് നിന്ന് തെക്ക് വരെ പറയും' എന്നാണ്​ അദ്ദേഹം ന്യൂസ്​ ഏജൻസിയോട്​ പറഞ്ഞത്​. രാഹുലിന്‍റെ പരാമർശത്തിനെതിരേ ബി.ജെ.പിയും വിമർശനം ഉന്നയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.