കോൺഗ്രസിന് ഡൽഹിയിൽ പുതിയ ആസ്ഥാന മന്ദിരമായി; ഉദ്ഘാടനം സ്വാതന്ത്ര്യ ദിനത്തിൽ

ന്യൂഡൽഹി: ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസിന് ഡൽഹിയിൽ പുതിയ ആസ്ഥാന മന്ദിരമായി. കോട്‍ല മാർഗിലെ ‘9എ’യിലാണ് ‘ഇന്ദിര ഭവൻ’ എന്ന പേരിൽ പുതിയ ആസ്ഥാനം ഒരുങ്ങിയത്. സർക്കാർ അനുമതി ലഭിച്ചാൽ വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ ഉദ്ഘാടനം നടക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ആറ് നിലകളിലായാണ് ആസ്ഥാന മന്ദിരം ഒരുക്കിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, മറ്റ്‌ ഭാരവാഹികൾ എന്നിവർക്കും പാർലമെന്ററി പാർട്ടി നേതാവിനും ലോക്സഭയിലെ പ്രതിപക്ഷ നേതാവിനും പോഷക സംഘടനകൾക്കുമെല്ലാം പ്രത്യേക മുറികൾ ഉണ്ടാകും. കോൺഫറൻസ് ഹാളുകൾ, ലൈബ്രറി, ഗവേഷണ കേന്ദ്രം എന്നിവയും ഒരുക്കിയിട്ടുണ്ട്. ദീൻ ദയാൽ ഉപാധ്യായ മാർഗിൽ നിന്നും കോട്‍ല മാർഗിൽ നിന്നും പ്രവേശന കവാടങ്ങൾ ഉണ്ടാകും. കോട്‍ല മാർഗിൽ നിന്നാണ് പ്രധാന പ്രവേശന കവാടം. ദീൻ ദയാൽ ഉപാധ്യായ മാർഗിൽ ആണ് ബി.ജെ.പി ആസ്ഥാനമുള്ളത്.

2016ലാണ് കോട്‍ല മാർഗിലെ എ.ഐ.സി.സി ആസ്ഥാന മന്ദിരത്തിന്റെ പ്രവൃത്തി തുടങ്ങിയത്. 2019ൽ കോൺഗ്രസിന്റെ 130ാം സ്ഥാപക ദിനത്തിൽ ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനമെങ്കിലും ഫണ്ടിന്റെ അപര്യാപ്തത ഉൾപ്പെടെയുള്ള കാരണങ്ങളാൽ നിർമാണം വൈകുകയായിരുന്നു. നിലവിൽ 24, അക്ബർ റോഡിലാണ് എ.ഐ.സി.സി ആസ്ഥാനം. 1978 ൽ ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനും എം.പിയുമായിരുന്ന ജി. വെങ്കിട്ടസ്വാമി തന്റെ വസതി കോൺഗ്രസിനായി വിട്ടു നൽകുകയായിരുന്നു. 

Tags:    
News Summary - Congress gets new headquarters in Delhi; Inauguration on Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.