ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ശനിയാഴ്ച അധികാരത്തിലേറും. ഉച്ചക്ക് 12.30ന് ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കുപുറമെ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും 20ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് സത്യപ്രതിജ്ഞ ചൊല്ലി നൽകും. ഒരു ലക്ഷംപേർ ചടങ്ങിന് സാക്ഷികളാവും. 75കാരനായ സിദ്ധരാമയ്യ രണ്ടാംതവണയാണ് കർണാടക മുഖ്യമന്ത്രിയാകുന്നത്.
മന്ത്രിമാരുടെ പട്ടിക തയാറാക്കാനും വകുപ്പുകൾ തീരുമാനിക്കാനും വെള്ളിയാഴ്ച വൈകീട്ട് നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രൺദീപ് സിങ് സുർജെവാല, സോണിയ ഗാന്ധി എന്നിവരുമായി ചർച്ച നടത്തി. സീനിയോറിറ്റിക്ക് പുറമെ, ജാതി- മത പ്രാതിനിധ്യവും തൂക്കമൊപ്പിച്ചാണ് മന്ത്രിസഭ രൂപവത്കരിക്കുക.
ആദ്യ മന്ത്രിസഭ യോഗത്തിൽതന്നെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളായ ക്ഷേമ പദ്ധതികൾക്ക് അംഗീകാരം നൽകുമെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കി.രാജ്യത്തെ പ്രതിപക്ഷ നിരയിൽനിന്ന് 20 നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ബി.ജെ.പിയെ പൊതുശത്രുവാക്കി ദേശീയ-പ്രാദേശിക പാർട്ടികളുടെ സഖ്യം രൂപപ്പെടുത്താനുള്ള നീക്കം സജീവമാകുന്നതിനിടെയാണ് കർണാടകയിലെ വേദിയിൽ പ്രതിപക്ഷ നേതാക്കൾ ഒന്നിക്കുന്നത്.
പോണ്ടിച്ചേരിയിലെയും വിവിധ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും ചടങ്ങിന് സാക്ഷ്യം വഹിക്കും. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പങ്കെടുക്കില്ല.പകരം പ്രതിനിധിയായി ലോക്സഭ ഉപനേതാവ് കകോലി ഘോഷ് ദസ്തിദാർ എത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള കോൺഗ്രസിന്റെ ദേശീയ നേതാക്കളും ചടങ്ങിനെത്തും.
സമാജ് വാദി പാർട്ടി, ജെ.ഡി-യു, ആർ.ജെ.ഡി, എൻ.സി.പി, ശിവസേന താക്കറെ വിഭാഗം നാഷനൽ കോൺഫറൻസ്, സി.പി.എം, സി.പി.ഐ നേതാക്കൾക്കു പുറമെ, മഹ്ബൂബ മുഫ്തി (പി.ഡി.പി), വൈക്കോ (എം.ഡി.എം.കെ), തിരുമണവാളൻ (വി.സി.കെ), ദീപാങ്കർ ഭട്ടാചാര്യ (സി.പി.ഐ - എം.എൽ), ജയന്ത് ചൗധരി (ആർ.എൽ.ഡി), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി), ജോസ് കെ. മാണി (കേരള കോൺഗ്രസ്), പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (മുസ്ലിം ലീഗ്) തുടങ്ങിയവരും ചടങ്ങിനെത്തിയേക്കും.
അതേസമയം, പ്രതിപക്ഷ നിരയിലെ ബി.ആർ.എസ്, ബി.ജെ.ഡി, വൈ.എസ്.ആർ.സി.പി, ആം ആദ്മി പാർട്ടി, ബി.എസ്.പി പാർട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. 2018ൽ കോൺഗ്രസ്- ജെ.ഡി-എസ് സഖ്യ സർക്കാർ അധികാരമേൽക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ (കേരളം), അരവിന്ദ് കെജ്രിവാൾ (ഡൽഹി), മമത ബാനർജി (പശ്ചിമബംഗാൾ), എൻ. ചന്ദ്രബാബു നായിഡു (ആന്ധ്ര പ്രദേശ്), ബി.എസ്.പി ചീഫ് മായാവതി തുടങ്ങിയവരും പങ്കെടുത്തിരുന്നു.സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ബംഗളൂരുവിൽ ശനിയാഴ്ച സി.ഇ.ടി പരീക്ഷയും നടക്കുന്നതിനാൽ 11 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതുന്ന വിദ്യാർഥികളോട് രണ്ടു മണിക്കൂർ നേരത്തേ എത്താൻ കർണാടക പരീക്ഷ അതോറിറ്റി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.