ചെന്നൈ: ഒരു കോൺഗ്രസ് എം.എൽ.എകൂടി രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതോടെ പുതുച്ചേരിയിൽ മുഖ്യമന്ത്രി വി. നാരായണ സാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ഡി.എം.കെ മുന്നണി സർക്കാർ പ്രതിസന്ധിയിൽ. കാമരാജർ നഗർ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന എ. ജോൺകുമാർ ചൊവ്വാഴ്ച രാജിവെച്ചതോെട സർക്കാറിന് കേവല ഭൂരിപക്ഷം നഷ്പ്പെട്ടു.
മന്ത്രി എ. നമശിവായം ഉൾപ്പെടെ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ നേരത്തെ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. നിലവിൽ നോമിനേറ്റ്ചെയ്തവർ ഉൾപ്പെടെ 28 അംഗങ്ങളിൽ ഭരണമുന്നണിക്ക് 14 എം.എൽ.എമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 15 അംഗങ്ങളുടെ പിന്തുണ വേണം. 33 അംഗസഭയിൽനിന്ന് സംഘടന വിരുദ്ധ പ്രവർത്തനത്തിന് കോൺഗ്രസിലെ ധനവേലുവിനെ നേരത്തെ അയോഗ്യനാക്കിയിരുന്നു. നാലുപേർ രാജിവെക്കുകയും ചെയ്തതോടെ എം.എൽ.എമാരുടെ എണ്ണം 28 ആയി.
അതേസമയം, രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി വി. നാരായണ സാമി അറിയിച്ചു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാഹുൽ ഗാന്ധി പുതുച്ചേരി സന്ദർശിക്കാനിരിക്കെയാണ് കോൺഗ്രസിന് തിരിച്ചടിയുണ്ടായത്. കോൺഗ്രസ്-10, ഡി.എം.കെ -മൂന്ന്, ഇടത് സ്വതന്ത്രൻ- ഒന്ന് എന്നിങ്ങനെ 14 അംഗങ്ങളാണ് ഭരണമുന്നണിക്കുള്ളത്.
അതേസമയം പ്രതിപക്ഷത്തും 14 പേരുണ്ട്. എൻ.ആർ കോൺഗ്രസ്- ഏഴ്, അണ്ണാ ഡി.എം.കെ -നാല്, നോമിനേറ്റ് ചെയ്യപ്പെട്ട ബി.ജെ.പി എം.എൽ.എമാർ- മൂന്ന്.മുഖ്യമന്ത്രി വി. നാരായണ സാമി, എ.െഎ.സി.സി നിരീക്ഷകൻ ദിനേഷ് ഗുണ്ടുറാവു എന്നിവർ മന്ത്രിമാരും എം.എൽ.എമാരുമായി കൂടിയാലോചന നടത്തി. കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട നാരായണ സാമി സർക്കാർ രാജിെവക്കണമെന്നും ഭൂരിപക്ഷം തെളിയിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നമശിവായത്തെ കോൺഗ്രസ് ദേശീയ നേതൃത്വം വിശ്വാസത്തിലെടുക്കാത്തതാണ് പാർട്ടിയെ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് നയിച്ചത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി നമശിവായത്തെ മുൻനിർത്തിയാണ് പ്രചാരണം നടത്തിയത്. കോൺഗ്രസ്- ഡി.എം.കെ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത നാരായണ സാമിയെ ഹൈകമാൻഡ് മുഖ്യമന്ത്രിയാക്കി.
ഇതിനുശേഷം നമശിവായത്തെ മന്ത്രിസഭയിലുൾപ്പെടുത്തിയെങ്കിലും അദ്ദേഹം അതൃപ്തിയിലായിരുന്നു. ഒരു വർഷം മുമ്പ് അദ്ദേഹത്തെ പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റി. ഇതേ തുടർന്ന് പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ജനുവരി 25ന് ഇദ്ദേഹം മന്ത്രിസ്ഥാനവും എം.എൽ.എ സ്ഥാനവും രാജിവെച്ചു. നാലുതവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെടുകയും മൂന്നു തവണ മന്ത്രിയുമായ നമശിവായം നാലര വർഷം പുതുച്ചേരി കോൺഗ്രസ് അധ്യക്ഷനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.