അഹ്മദാബാദ്: തന്നെ ഏറ്റുമുട്ടലിൽ വധിക്കാൻ നീക്കമുണ്ടെന്ന പ്രവീൺ തൊഗാഡിയയുടെ ആരോപണം ഗൗരവത്തിലെടുക്കണമെന്നും അതേപ്പറ്റി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഗുജറാത്ത് കോൺഗ്രസ് നേതാവ് അർജുൻ മൊദ്വാദിയ ആവശ്യപ്പെട്ടു. തൊഗാഡിയയെ ആശുപത്രിയിൽ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ടീദാർ അനാമത് ആേന്ദാളൻ സമിതി നേതാവ് ഹാർദിക് പേട്ടലും തൊഗാഡിയയെ ആശുപത്രിയിൽ സന്ദർശിച്ചു.
രാജസ്ഥാൻ പൊലീസിന് വ്യാജ ഏറ്റുമുട്ടലിലുള്ള റെക്കോഡ് കുപ്രസിദ്ധമാണെന്ന് മൊദ്വാദിയ പറഞ്ഞു. ബി.ജെ.പിക്കെതിരെ ശബ്ദമുയർത്തുന്നവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. സഞ്ജയ് ജോഷി, ഹരേൺ പാണ്ഡ്യ എന്നീ പാർട്ടി നേതാക്കൾക്കും സി.ബി.െഎ ജഡ്ജി ബി.എച്ച്. ലോയക്കും സംഭവിച്ചത് അതാണ്. അത്തരം കാര്യങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം കൈകോർത്ത ഹാർദിക് പേട്ടൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയാണ് വിരൽചൂണ്ടിയത്. താൻ തൊഗാഡിയയെ പിന്തുണക്കുന്നയാളല്ല. തനിക്ക് ഹിന്ദുക്കളെപ്പറ്റി അറിയില്ല. എന്നാൽ, ഒരു ഹിന്ദു സംഘടനാ നേതാവിെൻറ ജീവൻ അപകടത്തിലായിരിക്കുന്നുവെന്ന് പേട്ടൽ പറഞ്ഞു. സംസ്ഥാന കോൺഗ്രസ് മേധാവി ഭരത്സിങ് സോളങ്കിയും ഗുജറാത്തിൽ പാർട്ടി ചുമതലയുള്ള രാജസ്ഥാൻ കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു.
ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ അവരുമായി അടുപ്പമുള്ള ഒരാളായാണ് തൊഗാഡിയയെ എല്ലാവരും മനസ്സിലാക്കുക. എന്നാൽ, അദ്ദേഹത്തിനുപോലും ഇവിടെ രക്ഷയില്ലെങ്കിൽ സാധാരണക്കാരെൻറ കാര്യം എന്തായിരിക്കുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂവെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായിരിക്കെ രജിസ്റ്റർ ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം രാജസ്ഥാൻ പൊലീസ് തൊഗാഡിയയെ അറസ്റ്റ് ചെയ്യാൻ ഗുജറാത്തിലെത്തിയത്. അതേസമയം, ചികിത്സയിൽ കഴിയുന്ന തൊഗാഡിയയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. 62കാരനായ തൊഗാഡിയയെ അബോധാവസ്ഥയിൽ കിഴക്കൻ അഹ്മദാബാദിലെ ചന്ദ്രമണി ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് നിരവധി വി.എച്ച്.പി പ്രവർത്തകർ അവിടെ എത്തിയിരുന്നു. രാജസ്ഥാൻ പൊലീസ് തൊഗാഡിയയെ കസ്റ്റഡിയിലെടുത്തുവെന്നാണ് കഴിഞ്ഞദിവസം വി.എച്ച്.പി ആരോപിച്ചത്. എന്നാൽ, രാജസ്ഥാൻ പൊലീസ് അത് നിേഷധിച്ചിരുന്നു. അഹ്മദാബാദിലെ സൊല പൊലീസോ രാജസ്ഥാൻ പൊലീസോ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അഹ്മദാബാദ് ക്രൈംബ്രാഞ്ച് ജോയൻറ് കമീഷണർ ജെ.കെ. ഭട്ട് വ്യക്തമാക്കി.
അറസ്റ്റ് വാറൻറുമായി രാജസ്ഥാൻ പൊലീസ് സംഘം തിങ്കളാഴ്ച തെൽതേജ് ഭാഗത്തുള്ള തൊഗാഡിയയുടെ വീട്ടിലെത്തിയിരുന്നുവെന്നും എന്നാൽ, അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സൊല പൊലീസ് സ്റ്റേഷൻ ഡയറിയിൽ അവർ രേഖപ്പെടുത്തിയതായും ഭട്ട് പറഞ്ഞു. പകൽ 11 മണിയോടെ പൽദി മേഖലയിലെ വി.എച്ച്.പി ആസ്ഥാനത്തുനിന്ന് തൊഗാഡിയ ഒാേട്ടാറിക്ഷയിൽ കയറിപ്പോകുന്നത് കണ്ടതായി വിക്രം സിങ് എന്ന പൊലീസുകാരൻ വെളിപ്പെടുത്തിയിരുന്നു. പിന്നീടാണ് രാത്രിവരെ തൊഗാഡിയയെ കാണാതായത്.തൊഗാഡിയക്കു മാത്രമേ ആരാണ് തന്നെ വധിക്കാൻ പദ്ധതിയിടുന്നതെന്ന് വെളിപ്പെടുത്താൻ കഴിയൂവെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് എം.ജി. വൈദ്യ പ്രതികരിച്ചു. ഇതിന് തെളിവ് നൽകുമെന്നാണ് തൊഗാഡിയ പറയുന്നത്. ഗുജറാത്ത് പൊലീസിനെതിരെ തൊഗാഡിയ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.