ന്യുഡൽഹി: ബി.ജെ.പി രാഹുൽ ഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ചത് കൊല്ലണമെന്ന ഉദ്ദേശമുള്ളതുകൊണ്ടെന്ന് കോൺഗ്രസ്. ബി.ജെ.പിയുടെ പ്രവൃത്തിയെ അപലപിക്കാൻ വാക്കുകളില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
"രാഹുൽ ഗാന്ധിയെ രാവണനോട് ഉപമിച്ച ബി.ജെ.പിയുടെ നാണംകെട്ട പോസ്റ്ററിനെ കുറിച്ച് അപലപിക്കാൻ വാക്കുകളൊന്നും മതിയാകില്ല. അവരുടെ നീചമായ ലക്ഷ്യങ്ങൾ വ്യക്തമാണ്. അവർ രാഹുലിനെ കൊല്ലാൻ ആഗ്രഹിക്കുന്നു. കൊലപാതകത്തിലാണ് അദ്ദേഹത്തിന് മുത്തശ്ശിയെയും അച്ഛനെയും നഷ്ടപ്പെട്ടത്"- വേണുഗോപാൽ പറഞ്ഞു.
മോദി സർക്കാർ നിസ്സാര രാഷ്ട്രീയ ലാഭത്തിനായാണ് രാഹുൽ ഗാന്ധിയുടെ എസ്.പി.ജി പരിരക്ഷ പിൻവലിച്ചത്. വസതിയിൽ നിന്ന് പുറത്താക്കിയ ശേഷം അദ്ദേഹം ആവശ്യപ്പെട്ടിട്ടും മറ്റൊരു വീട് അനുവദിച്ചില്ല. ഇതെല്ലാം വിരൽ ചൂണ്ടുന്നത് തങ്ങളുടെ കടുത്ത വിമർശകനായ രാഹുലിനെ ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ ആസൂത്രിത ഗൂഢാലോചനയെയാണെന്നും വേണുഗോപാൽ ആരോപിച്ചു.
'ഇതാ പുതുതലമുറയിലെ രാവണൻ. അയാൾ തിന്മയാണ്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നവൻ. ഭാരതത്തെ തകർക്കുകയാണ് അയാളുടെ ലക്ഷ്യം' എന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധിയെ രാവണനാക്കിയ പോസ്റ്റർ ബി.ജെ.പി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഏറ്റവും വലിയ നുണയൻ എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കഴിഞ്ഞ ദിവസം കോൺഗ്രസും പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.