ന്യൂഡൽഹി: രാജസ്ഥാനിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വെട്ടിലാക്കാൻ മാധ്യമരംഗത്തെ പ്രമുഖനെ രംഗത്തിറക്കി ബി.ജെ.പി. എസെൽ ഗ്രൂപ് ചെയർമാനും 'സീ' ഉടമയുമായ സുഭാഷ് ചന്ദ്രയാണ് നാമനിർദേശ പത്രിക നൽകുന്നതിന്റെ അവസാന മണിക്കൂറുകളിൽ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്രനായി കളത്തിലിറങ്ങിയത്.
രാജസ്ഥാനിൽ നാലു സീറ്റൊഴിവുണ്ട്. ഭരിക്കുന്ന കോൺഗ്രസിന് രണ്ടു പേരെ ജയിപ്പിക്കാനാവും. ബി.ജെ.പിക്ക് ഒരാളെ ജയിപ്പിക്കാം. മാധ്യമ പ്രഭു വന്നതോടെ ഒരു സീറ്റിൽ മത്സരം ഉറപ്പായി. സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരെ ഇറക്കുമതി സ്ഥാനാർഥിയായി നിർത്തിയിരിക്കുന്നതിൽ കോൺഗ്രസിനുള്ളിൽ പുകയുന്ന അമർഷവും മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനോട് പാർട്ടിയിലെ പ്രതിയോഗി സചിൻ പൈലറ്റിനുള്ള നീരസവും മുതലാക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
യു.പിക്കാരനായ കോൺഗ്രസ് സ്ഥാനാർഥി പ്രമോദ് തിവാരിയുടെ ജയസാധ്യത സുഭാഷ് ചന്ദ്രയുടെ വരവോടെ അപകടത്തിലായി. കോൺഗ്രസിന്റെ മൂന്നു സ്ഥാനാർഥികളും കൂളായി ജയിക്കുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് ഇതുവരെ പറഞ്ഞിരുന്നത്. കുതിരക്കച്ചവടത്തിന് ബി.ജെ.പി ശ്രമിക്കുകയാണെന്ന് പുതിയ സ്ഥാനാർഥി വന്നശേഷം അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല, മുകുൾ വാസ്നിക് എന്നീ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരാണ് രാജസ്ഥാനിൽ പാർട്ടി നിർത്തിയിരിക്കുന്ന മറ്റു സ്ഥാനാർഥികൾ.
വസുന്ധര രാജെയുടെ കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ഘനശ്യാം തിവാരിയാണ് ബി.ജെ.പി സ്ഥാനാർഥി. 200 അംഗ രാജസ്ഥാൻ നിയമസഭയിലെ 13 സ്വതന്ത്രർ വോട്ടെടുപ്പിൽ നിർണായകം. രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി, ഭാരതീയ ട്രൈബൽ പാർട്ടി, സി.പി.എം എന്നിവക്ക് രണ്ടു വീതം അംഗങ്ങളുണ്ട്. മൂന്നാമത്തെ സ്ഥാനാർഥിയെ ജയിപ്പിക്കാൻ കോൺഗ്രസിന് 15 വോട്ടിന്റെ കുറവുണ്ടാകും. സ്വതന്ത്രരെ ബി.ജെ.പിയും ചെറു പാർട്ടികളുടെ പിന്തുണ കോൺഗ്രസും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.