കൊൽക്കത്ത: ബി.ജെ.പിയിതര പ്രതിപക്ഷ ഐക്യത്തിന് മുൻകൈയെടുത്ത് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്) നേതാവുമായ കെ. ചന്ദ്രശേഖര റാവു, തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ എന്നിവരുമായി ചേർന്നാണ് ഐക്യമുന്നണിക്കുള്ള നീക്കം. അതേസമയം, പ്രമുഖ പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിനും ഇടതുപാർട്ടികൾക്കും മമതയുടെ സഖ്യത്തിൽ സ്ഥാനമില്ല.
തമിഴ്നാട്ടിൽ ഡി.എം.കെയുടെ സഖ്യകക്ഷിയാണ് കോൺഗ്രസെങ്കിലും, അവർ തനിച്ചു പോയാൽ മതിയെന്നാണ് മമതയുടെ നിലപാട്. പല സംസ്ഥാനങ്ങളിലും മറ്റു പ്രാദേശിക പാർട്ടികളുടെ പിന്തുണയില്ലാത്ത കക്ഷിയാണ് കോൺഗ്രസ് എന്നും മമത ആരോപിക്കുന്നു. ഗോവയിൽ കോൺഗ്രസുമായി ടി.എം.സി സഖ്യത്തിന് ശ്രമിച്ചെങ്കിലും വിജയിക്കാതിരുന്നതും മമതയുടെ എതിർപ്പിന് കാരണമായി.
ബംഗാളിൽ കഴിഞ്ഞ ദിവസം നടന്ന നാലു മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കെതിരെ ടി.എം.സി നേടിയ വൻ വിജയവും മമതയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും ഭരണഘടനയെയും തകർക്കുന്ന ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടത് അടിയന്തര ലക്ഷ്യമാകണമെന്ന് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം തിങ്കളാഴ്ച മമത പറഞ്ഞു.
2024ൽ ബി.ജെ.പിയെയും മോദിയെയും താഴെയിറക്കാൻ ബംഗാളിൽ അധികാരം നിലനിർത്തുന്നതിനൊപ്പം ഉത്തർപ്രദേശിൽ അധികാരം പിടിക്കണമെന്നും മമത പ്രഖ്യാപിച്ചിട്ടുണ്ട്. യു.പിയിൽ സമാജ് വാദി പാർട്ടിക്ക് ക്ഷീണമുണ്ടാകാതിരിക്കാൻ ഒരു മണ്ഡലത്തിൽപോലും തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
മമത തന്നെ വിളിച്ച് 'ദോശ' റെഡിയാക്കാൻ പറഞ്ഞു എന്നായിരുന്നു കെ. ചന്ദ്രശേഖര റാവുവിന്റെ പ്രസ്താവന. 'അതിന് എപ്പഴേ റെഡി' എന്നും മറുപടി പറഞ്ഞതായി റാവു കൂട്ടിച്ചേർത്തു. ദീദി തന്നെ കാണാനെത്തും. അല്ലെങ്കിൽ താൻ ബംഗാളിലെത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയെ താൻ നേരിട്ട് വിളിക്കുന്നുണ്ടെന്നും നിരവധി പാർട്ടികൾ കൂട്ടത്തിൽ ചേരാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ ഗവർണർ ആർ.എൻ. രവി, ബംഗാളിൽ ഗവർണർ ജഗദീപ് ധൻ കർ എന്നിവരുമായി സ്റ്റാലിനും മമതയും കടുത്ത പോരിലുമാണ്. ബി.ജെ.പിയിതര സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ അധികാരകടന്നുകയറ്റത്തെപ്പറ്റി മമത തന്നോട് സംസാരിച്ചതായും പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം ചേരണമെന്ന് അവർ നിർദേശിച്ചതായും സ്റ്റാലിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.