ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ എം.എൽ.എമാരെ പണം കൊടുത്ത് വാങ്ങിയുള്ള കുതിരക്കച്ചവടം തടയാനായി മുന്നൊരുക്കവുമായി കോൺഗ്രസ്. വിജയിക്കുന്നവരെ റിസോർട്ടിലേക്ക് മാറ്റാൻ ആഡംബര ബസുകൾ ഒരുക്കിനിർത്തിക്കഴിഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മറ്റ് എ.ഐ.സി.സി നേതാക്കളും ക്യാമ്പ് ചെയ്യുന്ന ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിന് മുന്നിലാണ് ബസുകൾ ഒരുക്കിനിർത്തിയത്.
തെലങ്കാനയിൽ വിജയിക്കുന്ന സ്ഥാനാർഥികളെ കോൺഗ്രസ് ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് തൂക്കുസഭയാണ് നിലവിൽ വരുന്നതെങ്കിൽ വിജയിക്കുന്ന സ്ഥാനാർഥികളെ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റും. എം.എൽ.എമാരെ ഭരണകക്ഷിയായ ബി.ആർ.എസ് വിലക്കെടുക്കുന്നത് തടയുകയാണ് ലക്ഷ്യം.
തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. 64 സീറ്റിൽ കോൺഗ്രസ് മുന്നിട്ടുനിൽക്കുമ്പോൾ ഭരണകക്ഷിയായ ബി.ആർ.എസ് 42 സീറ്റിൽ മാത്രമാണ് മുന്നിൽ. എല്ലാ പ്രതീക്ഷയും തകർന്ന ബി.ജെ.പി ഏഴിടത്ത് മാത്രമാണ് മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.