ലക്നോ: ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നവർക്ക് ഉത്തർപ്രദേശിലെ ജനങ്ങൾ മറുപടി നൽകുമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. യു.പിലെ എസ്.പി-കോൺഗ്രസ് സഖ്യം ജനങ്ങൾക്കുള്ള ഉത്തരമാണെന്നും രാഹുൽ പറഞ്ഞു. യു.പിയിൽ തെരഞ്ഞെടുപ്പ് സഖ്യം യാഥാർഥ്യമായ ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ആർ.എസ്.എസിന്‍റെ തത്വശാസ്ത്രം രാജ്യത്ത് നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നു. രാജ്യത്തെ ഭിന്നിച്ച് ഭരിക്കാനാണ് മോദി നോക്കുന്നതെന്നും രാഹുൽ ആരോപിച്ചു. കോൺഗ്രസ്-എസ്.പി സഖ്യം ഫാസിസ്റ്റ് ശക്തികളെ തകർക്കും. കേവലം രാഷ്ട്രീയമായ ഒരു സഖ്യമല്ല യാഥാർഥ്യമായത്. അഖിലേഷുമായി തനിക്ക് നേരത്തെയും വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നു. സഖ്യത്തിലൂടെ ഇത് രാഷ്ട്രീയ ബന്ധമായി വളർന്നുവെന്നും രാഹുൽ വ്യക്തമാക്കി.
നോട്ട് അസാധുവാക്കി ജനങ്ങളെ ക്യൂവിൽ നിർത്തിയവർക്ക് തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തിരിച്ചടി നൽകുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ജനങ്ങൾക്കും കർഷകർക്കും മോദി സർക്കാർ ദുരിതം നൽകി. പുരോഗതി, സമൃദ്ധി, സമാധാനം എന്നിവയാണ് എസ്.പി-കോൺഗ്രസ് സഖ്യത്തിന്‍റെ മുദ്രാവാക്യം. ഈ സഖ്യം ജനങ്ങൾക്ക് വേണ്ടിയാണെന്നും ജനങ്ങളുടെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
'ഒരു സൈക്കിളിന്‍റെ രണ്ട് വീലുകളാണ് രാഹുലും അഖിലേഷും' എന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഞങ്ങൾക്ക് പരസ്പരം അറിയാവുന്നതാണ്. ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നുവെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്- അഖിലേഷ് വ്യക്തമാക്കി. ‘സൈക്കിൾ കൈക്കൊപ്പം നിൽക്കു’മെന്നും ഇരു പാർട്ടികളുടെയും തെരഞ്ഞെടുപ്പ് ചിഹ്നത്തെ സൂചിപ്പിച്ചു കൊണ്ട് അഖിലേഷ് കൂട്ടിച്ചേർത്തു.
പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നതിനെ കുറിച്ചും മാധ്യമപ്രവർത്തകർ രാഹുലിനോട് ആരാഞ്ഞു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രിയങ്ക വലിയ മുതൽകൂട്ടാണെന്നും പ്രചരണത്തിന് എത്തുന്ന കാര്യത്തിൽ അവർക്ക് തീരുമാനമെടുക്കാമെന്നും രാഹുൽ ഗാന്ധി മറുപടി നൽകി.
#WATCH: Rahul Gandhi reacts to question by ANI on BJP's remark against SP-Congress alliance, says it is not BJP's alliance it is ours pic.twitter.com/kmRpG6sJ0p
— ANI (@ANI_news) January 29, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.