ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ കീർത്തി ആസാദും അശോക് തൻവറും തൃണമൂൽ കോൺഗ്രസിൽ. ന്യൂഡൽഹിയിലെ ഒൗദ്യോഗിക വസതിയിൽവെച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി 62കാരനായ കീർത്തി ആസാദിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
ബി.ജെ.പി ഭിന്നിപ്പിന്‍റെ രാഷ്ട്രീയം കളിക്കുകയാണ്. ശരിയായ ദിശയിലേക്ക് നയിക്കാൻ രാജ്യത്തിന് ചിലരുടെ ആവശ്യമുണ്ട്. മമത ബാനർജിക്ക് ആ നേതൃത്വപാടവമുണ്ടെന്ന് ഞാൻ കരുതുന്നു. അതിനാലാണ് തൃണമൂലിൽ ചേർന്നതെന്നും ആസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മുൻ ബിഹാർ മുഖ്യമന്ത്രി ഭഗവത് ഝാ ആസാദിന്‍റെ മകനാണ് കീർത്തി ആസാദ്. ബിഹാറിലെ ദർഭംഗയിൽനിന്ന് മൂന്നുതവണ ലോക്സഭ എം.പിയായും തെരഞ്ഞെടുക്കപ്പെട്ടു. 2015ൽ ബി.ജെ.പിയിൽനിന്ന് പുറത്തായ കീർത്തി ആസാദ് 2019 ഫെബ്രുവരിയിലാണ് കോൺഗ്രസിൽ ചേരുന്നത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് അന്നത്തെ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റിലിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റ് താരം കൂടിയായ കീർത്തി ആസാദ് ബി.ജെ.പി വിടുന്നത്.
ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡന്‍റായിരുന്നു 45കാരനായ അശോക് തൻവർ. ഹരിയാനയിലെ സിർസ മണ്ഡലത്തിൽനിന്ന് ലോക്സഭാംഗമായും തെരഞ്ഞെടുക്കെപ്പട്ടിരുന്നു. 2019ൽ അപ്ന ഭാരത് മോർച്ചയുടെ പേരിൽ തൻവർ കോൺഗ്രസ് വിടുകയായിരുന്നു. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഉൾപ്പെടെയുള്ളവരുമായുണ്ടായ തർക്കങ്ങളാണ് കോൺഗ്രസ് വിടാൻ കാരണം. ചൊവ്വാഴ്ച മമതയും അശോക് തൻവറും തമ്മിൽ കൂടിക്കാഴ്ച നടത്തി. തൻവറിനെ പാർട്ടിയിലേക്ക് സ്വീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.