ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അടുത്ത സുഹൃത്തായി പ്രവർത്തിച്ചുവന്ന യു.പിയിലെ യുവനേതാവ് ജിതിൻ പ്രസാദ ബി.ജെ.പിയിൽ ചേർന്നതിനുപിന്നാലെ കോൺഗ്രസിെൻറ 'ദുർഗതി'യെക്കുറിച്ച ചർച്ച വീണ്ടും സജീവം. കോൺഗ്രസിന് അനിവാര്യമായ ശസ്ത്രക്രിയ നാളേക്കുപോലും നീട്ടിവെക്കരുതെന്നാണ് മുതിർന്ന നേതാവ് എം. വീരപ്പമൊയ്ലി പറഞ്ഞത്. കോൺഗ്രസിൽ നേതൃമാറ്റം അടക്കം അടിമുടി പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട 23 പേരിൽ ഒരാളാണ് ജിതിൻ പ്രസാദ. അദ്ദേഹത്തിനു പിന്നാലെ മറ്റുള്ളവരിൽ പലരും ബി.ജെ.പിയിലേക്കു പോകുമോ എന്ന് പാർട്ടിയിലും പുറത്തും അടക്കം പറച്ചിലുകളുണ്ട്. ഇതോടെ ജിതിൻ പ്രസാദയെ ജി 23 സംഘ നേതാക്കൾ തള്ളിപ്പറഞ്ഞു. നേതൃത്വം പറഞ്ഞാലല്ലാതെ പാർട്ടി വിടില്ലെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ പറഞ്ഞു. അങ്ങനെ പാർട്ടി വിടേണ്ടിവന്നാൽ പോലും ബി.ജെ.പിക്കൊപ്പം പോവില്ല. ജിതിൻ പ്രസാദ എന്തുകൊണ്ടാണ് ബി.ജെ.പി തെരഞ്ഞെടുത്തതെന്ന് മനസ്സിലാവുന്നില്ല.
കോൺഗ്രസിൽനിന്ന് പോകാൻ തേൻറതായ കാരണങ്ങൾ ജിതിന് ഉണ്ടാകാം. അത് പാർട്ടി നേതൃത്വത്തിന് അറിയുമായിരിക്കും. ആശയപരമായ നിലപാടുകൾ പ്രധാനമല്ലാത്തവർക്ക് എവിടെയും പോകാം –കപിൽ സിബൽ പറഞ്ഞു. പാർട്ടി ഉടച്ചുവാർക്കാൻ നേതൃത്വത്തിന് കത്തെഴുതിയവരിൽ ഒരാളാണ് കിപൽ സിബൽ.
ജിതിൻ പ്രസാദയുടെ പോക്ക് വ്യക്തിമോഹങ്ങൾ കൊണ്ടാണെന്ന് കത്തെഴുതിയവരിൽ ഒരാളായ വീരപ്പമൊയ്ലി പറഞ്ഞു. അതേസമയം, കോൺഗ്രസിന് നാളേക്കു നീട്ടിവെക്കാൻ കഴിയാത്ത വലിയ ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാരമ്പര്യത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞാൽ േപാരാ. േനതാക്കൾക്ക് ഉത്തരവാദിത്തം നൽകണം. ആശയപരമായ പ്രതിബദ്ധതക്ക് നേതൃത്വം ഊന്നൽ നൽകണം. പാർട്ടിയിലെ നേതാക്കളെക്കുറിച്ച് നേതൃത്വം ശരിയായ വിലയിരുത്തൽ നടത്തണം. അർഹിക്കാത്തവരെ ജനങ്ങളുടെ നേതാവായി അവതരിപ്പിക്കരുത്. ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയുംവിധം അർഹരായവരെ മാത്രം പദവികളിൽ കൊണ്ടുവരണം. സാധാരണക്കാരോടുള്ള പെരുമാറ്റം നേതൃപദവികൾ നൽകുന്നതിന് മാനദണ്ഡമാകണം.
യുവാക്കളെ പ്രോത്സാഹിപ്പിക്കണം. എന്നാൽ, ഉത്തരവാദിത്തങ്ങൾ നൽകുേമ്പാൾ ആശയപരമായ ഉള്ളുറപ്പ് പരിശോധിക്കപ്പെടണം. പ്രവർത്തന ചരിത്രവും പ്രതിബദ്ധതയും സമീപനവും നോക്കണം. ആശയാടിത്തറയിൽനിന്നുകൊണ്ടുള്ള അഭിലാഷങ്ങളേ അവർക്ക് പാടുള്ളൂ. പാർട്ടിയെ വഞ്ചിച്ചേക്കാവുന്ന അവസരവാദികൾക്ക് നേതൃപദവി നൽകരുത്. അടുത്തവർഷം ഏഴു സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. അതുകഴിഞ്ഞാൽ പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട സമയമായി. നിയമസഭ തെരഞ്ഞെടുപ്പിൽ നല്ല പ്രകടനമില്ലെങ്കിൽ പൊതുതെരഞ്ഞെടുപ്പിൽ പ്രയാസം കൂടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മത്സരിക്കാൻ തയാറെടുക്കണം.
തോൽപിക്കാൻ കഴിയാത്തയാളല്ല മോദി. പക്ഷേ, അതിന് പാർട്ടിയെ പഴയപടി ഊർജസ്വലമാക്കണം. ഇടക്കാല പ്രസിഡൻറ് എന്ന നിലയിൽ പാർട്ടിയെ നയിക്കുന്ന സോണിയ ഗാന്ധിക്ക് പാർട്ടിക്ക് ഊർജം നൽകാനും ഉറച്ച തീരുമാനങ്ങളിലേക്ക് നയിക്കാനും കഴിയും. കോൺഗ്രസിന് ഒരു നേതാവുണ്ട്. അതുകൊണ്ട് അതൊരു വിഷയമല്ല. ശസ്ത്രക്രിയക്കുള്ള നടപടി സോണിയഗാന്ധി ഊർജിതമാക്കണമെന്ന് മൊയ്ലി ആവശ്യപ്പെട്ടു. കോൺഗ്രസ് ഒരിക്കലും ജിതിൻ പ്രസാദയെ അവഗണിക്കുകയോ അവസരങ്ങൾ നൽകാതിരിക്കുകയോ ചെയ്തിട്ടില്ലെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.