ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമതക്കെതിരെ രംഗത്തുള്ള കോൺഗ്രസ്- ഇടത്- ഐ.എസ്.എഫ് സഖ്യം ബി.ജെ.പിയുമായി അവിഹിത കൂട്ടുകെട്ടുണ്ടാക്കിയതായി തൃണമൂൽ ദേശീയ വക്താവ് ഡെറക് ഒബ്രിയൻ. മേയ് രണ്ടിന് ഫലം വരുേമ്പാൾ അവ ഇരട്ടയക്കം കടക്കില്ലെന്നും ഓൺലൈൻ പോർട്ടൽ 'ദിപ്രിന്‍റി'ന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പ്രവചിക്കുന്നു.
''കൈക്കൂലി പണത്തെ കുറിച്ചാണ് ബി.ജെ.പി സംസാരിക്കുന്നത്. എന്നാൽ, ഇത് (ഈ കൂട്ടുകെട്ട്) വോട്ടായും പണമായും അവരുടെ കൈക്കൂലിയാണ്. എല്ലാം ചെയ്തുനൽകാൻ ജനത്തിന് അവർ പണം നൽകും''- ഒബ്രിയൻ പറയുന്നു. പക്ഷേ നല്ല കാലത്തുമാത്രമല്ല, പഞ്ഞകാലത്തും അവർക്കൊപ്പം നിലയുറപ്പിച്ചവരെയും തങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ശ്രമിച്ചവരെയും ബംഗാൾ ജനതക്ക് അറിയാമെന്നും സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾക്കു പിന്നിൽ ബി.ജെ.പിയാണെന്നും അദ്ദേഹം ആരോപിച്ചു.
''300 ബി.ജെ.പി എം.പിമാരുള്ള രാജ്യത്ത് ക്രിമിനൽ പശ്ചാത്തലമുള്ള 130 പേരാണ് ബി.ജെ.പി ടിക്കറ്റിൽ പാർലമെന്‍റിലെത്തിയത്. അവർക്കെന്തിനാണ് സീറ്റ് നൽകിയത്?''
''രാഷ്ട്രീയ ഹിംസയെ കുറിച്ച് ആരാണ് സംസാരിക്കുന്നത്? അമിത് ഷായും മോദിയുമാണോ? നാം 2002നെ കുറിച്ചുകൂടി പറയണം. ഏതു രാഷ്്ട്രീയ അതിക്രമത്തെ കുറിച്ചാണ് പറയുന്നത്? ബംഗാളിൽ ഒരു ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടിട്ടുണ്ട്. അദ്ദേഹം നിയമവിരുദ്ധ ബാങ്ക് നടത്തുന്നയാളായിരുന്നുവെന്നാണ് കേൾക്കുന്നത്. അവർക്ക് ആളുകളെ വേണം. ചിലർ കോവിഡ് പിടിച്ച് മരിച്ചാലും മൃതദേഹം പിടിച്ച്് രാഷ്ട്രീയ അക്രമമാക്കി മാറ്റി അവർ എഴുന്നള്ളിക്കും''- ഒബ്രിയന്‍റെ വാക്കുകൾ.
എന്നാൽ, ബംഗാളിൽ തൃണമൂൽ വെല്ലുവിളികൾ നേരിടുന്നതായി ഒബ്രിയൻ സമ്മതിച്ചു. ''എട്ടുഘട്ടങ്ങളിലാക്കി മാറ്റിയതാണ് അതിലൊന്ന്. 33 ദിവസങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ അതിന് പണമേറെ വേണം. ഫണ്ടിങ്ങിന് ലോകത്ത് ഏറ്റവും മെച്ചം ബി.ജെ.പിയാണ്. മാധ്യമ ഉടമകളെ ബി.ജെ.പി ഭയത്തിന്‍റെ മുനയിൽ നിർത്തുന്നത് മറ്റൊന്ന്. കേന്ദ്രം ഭരിക്കുന്നവരാണ് ബി.ജെ.പി. ഏജൻസികൾ അവർക്കൊപ്പമുണ്ട്. 2002ലെ രക്തക്കറ ഇപ്പോഴും കൈയിലുള്ള രണ്ടു പേർ അധികാരത്തിലും''- മമത നേതാവ് പറയുന്നു.
നന്ദിഗ്രാമിൽ മാത്രമല്ല, എവിടെ മത്സരിച്ചാലും മമത ജയിക്കുമെന്നും ഒബ്രിയൻ ശുഭാപ്തി വിശ്വാസം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.