ന്യൂഡൽഹി: ലോക്സഭയെപ്പോലെ ഗുജറാത്ത് നിയമസഭയിലും കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടേക്കും. ആകെയുള്ളതിന്റെ 10 ശതമാനം സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അർഹതയില്ലെന്നാണ് അലിഖിത ചട്ടം. അത് പ്രയോജനപ്പെടുത്തി 2014 മുതൽ ലോക്സഭയിൽ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ഭരണകക്ഷി അനുവദിച്ചുകൊടുത്തില്ല. 'കോൺഗ്രസ്മുക്ത ഭാരതം' മുദ്രാവാക്യമാക്കിയ ബി.ജെ.പിയെ നിയന്ത്രിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിലും അത് നടപ്പാക്കാനാണ് സാധ്യത.
പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ കോൺഗ്രസിന് ഒറ്റ സീറ്റിന്റെ കുറവുണ്ട്. 182 അംഗ നിയമസഭയിൽ ചുരുങ്ങിയത് 18 സീറ്റ് വേണ്ടപ്പോൾ, കോൺഗ്രസിന് കിട്ടിയത് 17 സീറ്റ് മാത്രം. ഭരണകക്ഷിക്ക് താൽപര്യമുണ്ടെങ്കിൽ പ്രതിപക്ഷത്തെ പ്രധാന പാർട്ടിക്ക് നേതൃപദവി അനുവദിച്ചുകൊടുക്കാം.
ആ താൽപര്യം കഴിഞ്ഞ ലോക്സഭയിലും ഇപ്പോഴത്തെ ലോക്സഭയിലും ബി.ജെ.പി കാണിച്ചില്ല. പ്രതിപക്ഷത്തിന് നൽകിപ്പോരുന്ന ഏതാനും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനങ്ങൾകൂടി ബി.ജെ.പി പിടിച്ചെടുക്കുകയാണ് ചെയ്തത്. പ്രധാന സഖ്യകക്ഷിക്ക് നൽകുന്ന ഡെപ്യൂട്ടി സ്പീക്കർ കസേരയും ആർക്കും നൽകേണ്ട എന്ന് തീരുമാനിച്ചു.
ചരിത്രം ചികഞ്ഞാൽ, 1985ൽ 14 സീറ്റ് മാത്രം കിട്ടിയ ജനത പാർട്ടിക്ക് ഗുജറാത്ത് നിയമസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അർഹത ഉണ്ടായിരുന്നില്ലെങ്കിലും 169 സീറ്റ് നേടി അധികാരം നിലനിർത്തിയ കോൺഗ്രസ് അത് അനുവദിച്ചു കൊടുത്തിരുന്നു. പ്രതിപക്ഷ ബഹുമാനത്തിന്റെ പേരിലായിരുന്നു അത്. ബി.ജെ.പിക്ക് അന്ന് 11 സീറ്റ് മാത്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.