രാഹുൽ ഗാന്ധിയെ ട്വിറ്ററിൽ ജയറാം രമേശ് അൺഫോളോ ചെയ്തെന്ന് സംഘ്പരിവാർ പ്രചാരണം; സ്ക്രീൻഷോട്ട് തെളിവുമായി ജയറാം രമേശ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ ഹാൻഡിൽ എ.ഐ.സി.സി കമ്യൂണിക്കേഷൻ വിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് അൺഫോളോ ചെയ്തെന്ന് സംഘ്പരിവാറിന്‍റെ വ്യാജ പ്രചാരണം. സത്യാവസ്ഥ വെളിപ്പെടുത്തി ജയറാം രമേശ് തന്നെ രംഗത്തെത്തി. മൈക്രോ ബ്ലോഗിങ് സൈറ്റിൽ രാഹുലിനെ അൺഫോളോ ചെയ്തെന്ന് ചൂണ്ടിക്കാട്ടിയുള്ള സംഘ്പരിവാർ ഹാൻഡിലുകളുടെ ട്വീറ്റുകളാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്.

''കോൺഗ്രസ് മീഡിയ ഹെഡ് ജയറാം രമേശ് ട്വിറ്ററിൽ രാഹുൽ ഗാന്ധിയെ അൺഫോളോ ചെയ്തു. കോൺഗ്രസിൽ എന്താണ് സംഭവിക്കുന്നത്. രസകരമായ വസ്തുത, രാഹുൽ ഗാന്ധി ഇപ്പോഴും ട്വിറ്ററിൽ ജയറാം രമേശിനെ പിന്തുടരുന്നു'' എന്നായിരുന്നു സംഘ് പരിവാർ അനുകൂലിയായ അൻകൂർ സിങ് ട്വീറ്റിലൂടെ ആരോപിച്ചത്.


അതേസമയം, ആരോപണം നിഷേധിച്ചും വിഷയത്തിൽ വിശദീകരണവുമായി രാജ്യസഭ എം.പി കൂടിയായ ജയറാം രമേശ് രംഗത്തെത്തി. രാഹുൽ ഗാന്ധി, ആർജി വയനാട് ഓഫിസ് എന്നീ രാഹുലിന്‍റെ ട്വിറ്റർ ഹാൻഡിലുകൾ പിന്തുടരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, മുൻ കോൺഗ്രസ് അധ്യക്ഷനെ പിന്തുടരുന്നുവെന്ന് തെളിയിക്കാൻ സ്ക്രീൻ ഷോട്ടുകളും ജയറാം രമേശ് പങ്കുവെച്ചു. സ്‌ക്രീൻഷോട്ടുകൾ പ്രകാരം രാഹുലും ജയറാം രമേശും പരസ്പരം ട്വിറ്ററിൽ പിന്തുടരുന്നതായി കാണിക്കുന്നു. എന്നാൽ, ജയറാം രമേശ് രാഹുലിനെ പിന്തുടരുന്നത് എല്ലാവർക്കും കാണാനാകില്ല.


രമേശിന്റെ ട്വിറ്റർ അക്കൗണ്ട് 73 ഹാൻഡിലുകൾ പിന്തുടരുന്നതായി കാണിക്കുന്നുണ്ട്. എന്നാൽ, എണ്ണിനോക്കിയാൽ അദ്ദേഹം പിന്തുടരുന്ന 53 ഹാൻഡിലുകൾ മാത്രമേ കാണാനാകൂ. ബാക്കിയുള്ള 20 ഹാൻഡിലുകൾ കാണാനാവില്ല. ഇതുപ്രകാരം, 20 ഹാൻഡിലുകൾ ജയറാം രമേശിന് മാത്രമാണ് കാണാനാവുക. മറ്റ് ഹാൻഡിലുകൾക്ക് അദൃശ്യമാണ്.

Tags:    
News Summary - Congress media chief Jairam Ramesh gives proof of not unfollowing Rahul Gandhi on Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.