ന്യൂഡൽഹി: 18ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് ഇന്ന് തുടക്കംകുറിക്കുമ്പോൾ കോൺഗ്രസ് അംഗങ്ങൾ എത്തുക ഭരണഘടനയുടെ ചെറു പതിപ്പുമായി. രാജ്യത്തിന്‍റെ ഭരണഘടനയെ ഉയർത്തി പിടിക്കുമെന്ന സന്ദേശം മോദി സർക്കാറിനെ അറിയിക്കുന്നതിന്‍റെ ഭാഗമായാണിത്. രാവിലെ 10 മണിക്ക് പാർലമെന്‍റ് വളപ്പിലെത്തുന്ന കോൺഗ്രസ് എം.പിമാർ ഒരുമിച്ചാകും സഭയിലേക്ക് നീങ്ങുക.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് സമ്മേളനം ഇന്ന് ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കാബിനറ്റ് മന്ത്രിമാർ, മറ്റു കേന്ദ്രമന്ത്രിമാർ എന്നിവരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് അക്ഷരമാലാ ക്രമത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക.
കേരളത്തിൽ നിന്നുള്ള 18 എം.പിമാർ ഇന്ന് വൈകിട്ട് നാലു മണിയോടെ സത്യപ്രതിജ്ഞ ചെയ്യുക. വിദേശയാത്രയിൽ ആയതിനാൽ ശശി തരൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല.
അതേസമയം, പ്രോടെം സ്പീക്കർ നിയമനത്തിൽ എട്ടു തവണ ലോക്സഭ എം.പിയായ കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ ദലിത് മുഖം കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ചതിൽ കടുത്ത പ്രതിഷേധം അറിയിക്കാനാണ് ഇൻഡ്യ സഖ്യ തീരുമാനം. ഇതിന്‍റെ ഭാഗമായി പ്രോടെം സ്പീക്കർ പാനലിൽ നിന്ന് ഇൻഡ്യ സഖ്യത്തിലെ അംഗങ്ങൾ പിന്മാറി.
കൊടിക്കുന്നിൽ സുരേഷിനെ മറികടന്ന് ഏഴു തവണ മാത്രം എം.പിയായ ഒഡിഷയിൽ നിന്നുള്ള ബി.ജെ.പി നേതാവ് ഭർതൃഹരി മെഹ്താബിനെയാണ് പ്രോടെം സ്പീക്കർ ആക്കിയത്. രണ്ടു ദിവസം നീളുന്ന സത്യപ്രതിജ്ഞക്ക് മെഹ്താബിനെ സഹായിക്കാൻ സർക്കാർ ഏൽപിച്ച ദൗത്യം കൊടിക്കുന്നിൽ സുരേഷ് അടക്കം മൂന്ന് പ്രതിപക്ഷ എം.പിമാർ ഏറ്റെടുക്കേണ്ടതില്ലെന്ന് ഇൻഡ്യ സഖ്യം തീരുമാനിച്ചിട്ടുണ്ട്. ഡി.എം.കെയുടെ ടി.ആർ. ബാലു, തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദോപോധ്യായ എന്നിവരാണ് പ്രതിപക്ഷത്തുനിന്ന് നിയോഗിക്കപ്പെട്ട മറ്റു രണ്ടുപേർ.
ലോക്സഭ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ സ്പീക്കറുടെ ചെയറിലിരുന്ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് കാർമികത്വം വഹിക്കുകയാണ് പ്രോടെം സ്പീക്കറുടെ ഉത്തരവാദിത്തം. പാർലമെന്‍റ് മന്ദിരോദ്ഘാടനത്തിനും രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്കും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാതിരുന്നതു പോലെ ദലിതനായ പ്രോടേം സ്പീക്കർക്ക് മുന്നിൽ ഉന്നത ജാതിക്കാരായ എം.പിമാർ സത്യപ്രതിജ്ഞ ചെയ്യാൻ ബി.ജെ.പി ആഗ്രഹിക്കാത്തതു കൊണ്ടാണ് കൊടിക്കുന്നിലിനെ അവഗണിച്ചതെന്ന വാദത്തിൽ ഇൻഡ്യ സഖ്യം ഉറച്ചുനിൽക്കുകയാണ്.
ഭർതൃഹരി മെഹ്താബിനെ പോലെ ഏഴ് തവണ തുടർച്ചയായി എം.പിയായ ബി.ജെ.പി നേതാവ് രമേശ് ചിൻഡപ്പ ജിഗജിനാഗി ഉണ്ടായിട്ടും അദ്ദേഹത്തെ പ്രോട്ടേം സ്പീക്കറാക്കാതിരുന്നത് കൊടിക്കുന്നിൽ സുരേഷിനെ പോലെ ദലിത് നേതാവ് ആയത് കൊണ്ടാണോ എന്ന് ജയറാം രമേശ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.