അഹ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിലെ സമ്പൂർണ പരാജയത്തിനു പിന്നാലെ കോൺഗ്രസിന്റെ നയങ്ങളിലെ നിരാശ പരസ്യമാക്കി ജിഗ്നേഷ് മേവാദി. ബി.ജെ.പിക്കെതിരായ മുഖമായിട്ടുപോലും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ വേണ്ടുംവിധം ഉപയോഗിച്ചില്ലെന്നാണ് മേവാനിയുടെ ആരോപണം. വദ്ഗാം മണ്ഡലത്തിൽ ബി.ജെ.പിയുടെ മണിഭായ് വഖേലയെ മേവാനി നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. 2017ൽ ഗുജറാത്തിൽ 77 സീറ്റുകൾ നേടിയ കോൺഗ്രസിന് ഇക്കുറി 17 സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്.
''കുറച്ചു കൂടി നല്ല രീതിയിൽ കോൺഗ്രസിന് എന്നെ ഉപയോഗപ്പെടുത്താമായിരുന്നു. അതായത് നാമപത്രിക സമർപ്പിക്കുന്നതിന് മുമ്പേ തന്നെ. അവർക്ക് (കോൺഗ്രസിന്) കടുത്ത ബി.ജെ.പി വിരുദ്ധനും ആളുകളുടെ വിശ്വാസം പിടിച്ചു പറ്റാൻ സാധിക്കുന്ന എന്നെ പോലുള്ള ഒരു മുഖമുള്ളപ്പോൾ എന്തുകൊണ്ടാണ് ഉപയോഗിക്കാതിരുന്നത് എന്ന് മനസിലാകുന്നില്ല. ദലിതതെയും പാവപ്പെട്ടവരെയും കൂടുതൽ ഊർജസ്വലരാക്കാൻ പൊതുയോഗങ്ങളിൽ എന്നെ പോലുള്ളവരെ പങ്കെടുപ്പിക്കേണ്ടിയിരുന്നു''-ജിഗ്നേഷ് മേവാനി പറഞ്ഞു.
ഗുജറാത്തിലെ മുഖ്യ പ്രചാരകനായി മേവാനിയെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും വടക്കൻ ഗുജറാത്തിലെ ചില മണ്ഡലങ്ങളിലും അഹ്മദാബാദിലെ വെജൽപൂർ മണ്ഡലത്തിലും നടന്ന പൊതുയോഗങ്ങളിൽ മാത്രമാണ് മേവാനിയെ പങ്കെടുപ്പിച്ചത്. ഇതിൽ ഭൂരിഭാഗം യോഗങ്ങളും മേവാനി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം സംഘടിപ്പിച്ചതാണ്.
മേവാനിയെ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ച നിലവിലെ ബി.ജെ.പി നേതാവ് ഹാർദിക് പട്ടേൽ, പാർട്ടി വിടുന്നതിന് മുമ്പ് തന്നോട് കൂടിയാലോചിക്കുന്നതിൽ വീഴ്ച വരുത്തിയതിനും ഗുജറാത്തിലെ പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കാലതാമസം വരുത്തിയതിനും മുമ്പ് കോൺഗ്രസ് പാർട്ടിയെ വിമർശിച്ചിരുന്നു എന്നതും കൂടി എടുത്തു പറയണം. ഗുജറാത്തിൽ 156സീറ്റുകൾ നേടിയാണ് ബി.ജെ.പി വിജയിച്ചത്. ആകെ സീറ്റുകളുടെ 10 ശതമാനത്തിൽ താഴെ വോട്ടാണ് സംസ്ഥാനത്ത് കോൺഗ്രസിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.