ന്യൂഡൽഹി: ഡൽഹിയിലെ സിംഘു അതിർത്തിയിൽ ജൻ സൻസദ് പരിപാടിക്കിടെ കോൺഗ്രസ് എം.പിയെ ആക്രമിക്കാൻ ശ്രമിച്ചതായി ആരോപണം. പരിപാടിക്കിടെ തന്നെ തള്ളിയിട്ടുവെന്നും തലപ്പാവ് വലിച്ചൂരിയെന്നും രവനീത് സിങ് ബിട്ടു എം.പി പറഞ്ഞു.
ലുധിയാന എം.പിയായ ഇദ്ദേഹത്തിന്‍റെ വാഹനം ഗുരു തേജ് ബഹദൂർ ജി മെമോറിയലിൽ വെച്ച് ആക്രമിക്കുകയും ചെയ്തു. കോൺഗ്രസിന്‍റെ അമൃത്സർ എം.പി ഗുർജീത് സിങ് ഓജിലക്കും എം.എൽ.എ കുൽബീർ സിങ് സിരക്കുമൊപ്പം ഞായറാഴ്ച പരിപാടിയിൽ പെങ്കടുക്കാനെത്തിയതായിരുന്നു ഇദ്ദേഹം.
'ചിലർ പതിയിരുന്നത് വടിയും ആയുധങ്ങളും ഉപയോഗിച്ച് തങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു അവർ എത്തിയത്. കർഷക പ്രക്ഷോഭം തങ്ങൾ കാരണം തടസപ്പെടരുതെന്ന് കരുതിയതിനാൽ ഉടൻ തന്നെ അവിടെനിന്ന് മടങ്ങി' -രവനീത് സിങ് പറഞ്ഞു.
മെമോറിയലിന് അടുത്തെത്തിയപ്പോൾ ചിലർ എന്നെ തള്ളിയിടുകയും തലപ്പാവ് വലിച്ചൂരുകയുംചെയ്തു. കുൽബീർ സിങ്ങിന്‍റെ തലപ്പാവ് വലിച്ചൂരി. അനിഷ്ട സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ചിലർ തങ്ങളെ വളഞ്ഞ് വാഹനത്തിന് സമീപം എത്താൻ സഹായിക്കുകയായിരുന്നു. വാഹനത്തിനകത്ത് കയറിയപ്പോൾ വടിയും മറ്റും ഉപയോഗിച്ച് വാഹനം തകർത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. അതേസമയം, സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.