അമിത് ഷാക്കെതിരെ മത്സരിക്കാൻ പേടിയില്ല; ഇക്കുറി ബി.ജെ.പി ഗുജറാത്തിൽ മുഴുവൻ സീറ്റുകളും നേടില്ല -സോണൽ പട്ടേൽ

ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗർ ലോക്സഭ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ കോൺഗ്രസ് മത്സരിപ്പിക്കുന്നത് സോണൽ പട്ടേലിനെ. മുതിർന്ന ബി.ജെ.പി നേതാവിന് എതിരെ മത്സരിക്കാൻ ഒരു മടിയുമില്ലെന്ന് 62 കാരിയായ സോണൽ പട്ടേൽ വ്യക്തമാക്കി.

എ.ഐ.സി.സി സെക്രട്ടറിയും കോൺഗ്രസിന്റെ മുംബൈ, വെസ്റ്റേൺ മഹാരാഷ്ട്ര യൂനിറ്റുകളുടെ സഹഭാരവാഹിയുമാണ് സോണൽ. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട ബി.ജെ.പിക്കെതിരെ മണ്ഡലത്തിൽ കടുത്ത ജനവിരുദ്ധത നിലനിൽക്കുന്നുണ്ടെന്ന് അവർ അവകാശപ്പെട്ടു. തന്റെ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരെ ഭരണപക്ഷം ഭയ​പ്പെടുത്തുകയാണെന്നും അവർ ആരോപിച്ചു.

മഹാരാഷ്ട്രയിൽ പാർട്ടി പ്രവർത്തനങ്ങളുമായി സജീവമായതിനാൽ പാർട്ടിയോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ ഗാന്ധിനഗറിൽ പാർട്ടി എന്നെ സ്ഥാനാർഥിയാക്കുകയായിരുന്നു. പാർട്ടിയുടെ തീരുമാനം ഞാൻ അംഗീകരിക്കുകയും ചെയ്തു.-സോണൽ പറഞ്ഞു.

ഞങ്ങളുടെ പാർട്ടി പ്രവർത്തകരെ അവർ ഭീഷണിപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പാർട്ടി യോഗങ്ങൾ സംഘടിപ്പിക്കാൻ സ്ഥലം വാടക്കു നൽകാൻ പോലും ആരും തയാറാകില്ല. ജില്ലാ നേതാക്കളെയും മറ്റും നിസ്സാര​ കേസുകളിൽ കുടുക്കി പൊലീസ് സ​്റ്റേഷനുകളിലേക്ക് വിളിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പിന് നേരിടാൻ ബി.ജെ.പി സത്യത്തിൽ ഭരണസംവിധാനം ഉപയോഗിക്കുകയാണ്. ബി.ജെ.പി ഭയക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും സോണൽ പട്ടേൽ പറഞ്ഞു.

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ. ശേഷൻ, നടൻ രാജേഷ് ഖന്ന തുടങ്ങിയ പ്രമുഖരെയാണ് ഗാന്ധിനഗർ മണ്ഡലത്തിൽ നിന്ന് ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് നേരത്തെ മത്സരിപ്പിച്ചത്. 400 ലേറെ സീറ്റുകൾ നേടുമെന്നത് ബി.ജെ.പിയുടെ അവകാശവാദം മാത്രമാണ്. ഗുജറാത്തിലെ 26 ലോക്സഭ സീറ്റുകളിൽ ഇത്തവണ വിജയിക്കാൻ കഴിയില്ല. 2014, 2019 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി 26 സീറ്റുകളും നേടിയിരുന്നു.

അമിത് ഷാ ഇപ്പോൾ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായിരിക്കാം. എന്നാൽ ഒരു സാധാരണ ബി.ജെ.പി പ്രവർത്തകനായ കാലം തൊട്ട് അദ്ദേഹത്തെ ഞങ്ങൾ കാണുന്നുണ്ട്. ബി.ജെ.പിയുടെ ഉരുക്കുകോട്ടയിൽ മത്സരിക്കാൻ ഒരു മടിയുമുണ്ടായിരുന്നില്ലെന്നും ആർക്കിടെക്റ്റ് ആയ സോണൽ കൂട്ടിച്ചേർത്തു. സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം പ്രചാരണം ശക്തമാക്കിയിട്ടുണ്ട് സോണൽ.

Tags:    
News Summary - Congress pits Sonal Patel against Amit Shah in Gandhinagar's electoral battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.