ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ ബുധനാഴ്ച ഔപചാരികമായി പ്രഖ്യാപിക്കും. 68 പോളിങ് ബൂത്തുകളിൽനിന്ന് ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിച്ച ബാലറ്റ് പെട്ടികളിലുള്ള 9500ഓളം വോട്ടുകൾ രാവിലെ 10ന് എണ്ണിത്തുടങ്ങും.
അത്ഭുതങ്ങൾക്ക് സാധ്യതയില്ലാത്ത തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള മല്ലികാർജുൻ ഖാർഗെക്കും മെച്ചപ്പെട്ട മത്സരം കാഴ്ചവെച്ച ശശി തരൂരിനും ലഭിക്കുന്ന വോട്ടുകളുടെ എണ്ണം അറിയാനാണ് പൊതുവായ ആകാംക്ഷ.
ശശി തരൂർ പിടിക്കുന്ന വോട്ടുകളുടെ എണ്ണം കോൺഗ്രസിലെ തിരുത്തലുകൾക്കുവേണ്ടിയുള്ള ശബ്ദമായാണ് വിലയിരുത്തപ്പെടുക. മല്ലികാർജുൻ ഖാർഗെക്കു കിട്ടുന്ന വോട്ട് നെഹ്റു കുടുംബത്തോട് വിവിധ സംസ്ഥാനങ്ങളിലെ നേതൃനിരക്കുള്ള വിധേയത്വത്തിന്റെ പ്രകടനമാവും. 24 വർഷത്തിനുശേഷം നെഹ്റു കുടുംബത്തിനു പുറത്തേക്ക് പ്രസിഡന്റ് സ്ഥാനം കൈമാറുന്ന നിർണായക സന്ദർഭത്തിലാണ് കോൺഗ്രസ്.
വോട്ടെണ്ണലിന് ക്രമീകരണങ്ങൾ പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി അറിയിച്ചു.
ഓരോ പെട്ടിയിലെ വോട്ടുകളും വോട്ടെണ്ണൽ മേശയിലെ മറ്റു വോട്ടുകളുമായി കൂട്ടിയിളക്കിയശേഷമാവും അടുത്ത പെട്ടി തുറക്കുക. ബാലറ്റിന്റെ രഹസ്യ സ്വഭാവം ആവർത്തിച്ചുറപ്പിക്കാനാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.