ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയും ശശി തരൂരും ഏറ്റുമുട്ടുന്ന കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. ഫലം എന്താകുമെന്ന് വ്യക്തമാണെങ്കിലും പലകാരണങ്ങളാൽ ചരിത്രപ്രധാനമാണ് തിങ്കളാഴ്ചത്തെ വോട്ടെടുപ്പ്. നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാൾ പ്രസിഡന്റാകും. 24 വർഷത്തിനു ശേഷമാണ് ഇത്തരമൊരു വോട്ടെടുപ്പ്. കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിനിടയിൽ ആറാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്.
ക്രമീകരണങ്ങളെല്ലാം പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി അറിയിച്ചു. എ.ഐ.സി.സി, പി.സി.സി ആസ്ഥാനങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ്. 9,000ത്തിൽപരം പി.സി.സി പ്രതിനിധികൾ വോട്ടർമാരായ തെരഞ്ഞെടുപ്പ് രഹസ്യ ബാലറ്റ് സമ്പ്രദായത്തിലാണ്.
സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടു രേഖപ്പെടുത്തും. മല്ലികാർജുൻ ഖാർഗെ ബംഗളൂരുവിലും ശശി തരൂർ തിരുവനന്തപുരത്തും വോട്ടു ചെയ്യും. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി, സഹയാത്രികരായ 40 പേർ എന്നിവർക്കായി ബെള്ളാരിയിൽ ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പ് കഴിയുന്നതോടെ ബാലറ്റ് പെട്ടികൾ എ.ഐ.സി.സി ആസ്ഥാനത്ത് എത്തിക്കും. ബുധനാഴ്ചയാണ് വോട്ടെണ്ണൽ. നെഹ്റു കുടുംബത്തിന്റെ ആശീർവാദമുള്ളതിനാൽ മല്ലികാർജുൻ ഖാർഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന കാര്യത്തിൽ വോട്ടർമാരും അല്ലാത്തവരുമായ കോൺഗ്രസ് പ്രവർത്തകർക്ക് സംശയമില്ല. എന്നാൽ, തെരഞ്ഞെടുപ്പിന് ചൂടും ചൂരും പകരാൻ ശശി തരൂരിന് കഴിഞ്ഞു.
ഇന്ദിരഭവനിൽ വോട്ടെടുപ്പ് രാവിലെ 10 മുതൽ
തിരുവനന്തപുരം: എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കേരളത്തിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ നടക്കും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവൻ മാത്രമാണ് സംസ്ഥാനത്ത് പോളിങ് കേന്ദ്രം. വോട്ടെടുപ്പിന് തയാറെടുപ്പുകൾ പൂര്‍ത്തിയായി. 320ല് പരം പേര്‍ക്കാണ് വോട്ടവകാശം. സംഘടന തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രദേശ് റിട്ടേണിങ് ഓഫിസര്‍ ജി. പരമേശ്വരയും അസി. റിട്ടേണിങ് ഓഫിസര്‍ വി.കെ. അറിവഴകനും വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.
മലയാളിയായ ശശി തരൂര്‍ കൂടി മത്സരിക്കുന്നതിനാൽ വലിയ പ്രാധാന്യമാണ് തെരഞ്ഞെടുപ്പിന്. നെഹ്റു കുടുംബത്തിന്റെ പരോക്ഷ പിന്തുണയുള്ള മല്ലികാർജുൻ ഖാർഗേക്കാണ് കേരളത്തിൽ മുൻതൂക്കം. എന്നാല്‍ തരൂരിനായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രകടനങ്ങൾ നടക്കുകയും പ്രചാരണ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. കേരള നേതൃത്വമൊന്നാകെ തരൂരിനെ എതിര്‍ക്കുന്നുണ്ടെങ്കിലും രഹസ്യബാലറ്റായതിനാൽ യുവാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടുത്ത അതൃപ്തിയും പ്രതിഷേധവും പ്രകടിപ്പിക്കുന്ന തരൂര്‍ പരാജയപ്പെട്ടാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്കയും ചിലര്‍ക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.