ന്യൂഡൽഹി: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള മോദി സർക്കാറിന്‍റെ വിരട്ടൽ രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കവെയാണ് കേന്ദ്രത്തെ വിമർശിച്ചത്.
എതിർക്കുന്നവരോട് മോദി സർക്കാർ രാഷ്ട്രീയ പീഡനവും പകപോക്കലും കാണിക്കുകയാണെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ഇത്തരം ധിക്കാരപരമായ നടപടികൾ കൊണ്ട് പ്രതിപക്ഷത്തുള്ള ആരും ഭയപ്പെടില്ലെന്നും ഖാർഗെ വ്യക്തമാക്കി.
2011-15 കാലയളവിൽ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന കേസിലാണ് ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലർച്ചെയാണ് ബാലാജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫിസിലും സഹോദരന്റെ വീട്ടിലും അടക്കം 12 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹം തളർന്നു വീഴുകയായിരുന്നു. അറസ്റ്റിന് പിന്നാലെ ഡി.എം.കെ നേതാക്കളും പ്രവർത്തകരും ആശുപത്രിയിലെത്തിയെങ്കിലും ബാലാജിയെ കാണാൻ ആരെയും അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ബാലാജിയെ കാണാൻ ആശുപത്രിയിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.