പാകിസ്താന്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് ഉറച്ച തീരുമാനങ്ങളില്ല -രാഹുൽ ഗാന്ധി

ലണ്ടന്‍: പാകിസ്താന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആലോചിച്ച് ഉറപ്പിച്ച തീരുമാനങ്ങളില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാകിസ്താനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യം പ്രധാനമന്ത്രി ഇനിയും ഗൗരവത്തോടെ ആലോചിച്ചിട്ടില്ല. പാകിസ്താനുമായി നയപരമായി നീങ്ങുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ട് രാജ്യങ്ങളും തുല്യശക്തികളാണ് എന്നത് മറന്നുകൂടാ. ഇരുകൂട്ടരും തമ്മില്‍ നല്ല ബന്ധം ഉണ്ടാവുന്നതുവരെ നാം കാത്തിരുന്നേ മതിയാവൂവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. 

ദോക്‌ലാം പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇതുവരെ കാര്യങ്ങള്‍ മനസിലാക്കിയിട്ടില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. വിഷയം മനസിലാക്കിയുള്ള നീക്കങ്ങളാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ടത്. നിരവധി കാര്യങ്ങളുടെ തുടര്‍ച്ച മാത്രമാണ് ദോക്‌ലാമിലേത്. എന്നാല്‍, പ്രധാനമന്ത്രി അതിനെ ഒരു സംഭവമായാണ് നോക്കിക്കാണുന്നത്. ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചിരുന്നെങ്കില്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മോദി സര്‍ക്കാറിലെ ജോലിയില്ലാത്ത ആളാണെന്ന് രാഹുല്‍ പരിഹസിച്ചു. വിസ അനുവദിക്കുക മാത്രമാണ് അവരുടെ ജോലി. രാജ്യത്തിന്‍റെ വിദേശനയം തീരുമാനിക്കുന്നതില്‍ മന്ത്രിക്ക് യാതൊരു പങ്കുമില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

രാജ്യമൊട്ടാകെ വിദ്വേഷം പരത്താനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് നേരത്തെ രാഹുൽ വിമര്‍ശിച്ചിരുന്നു. 

Tags:    
News Summary - Congress President Rahul Gandhi Attack Narendra Modi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.