‘ബിഹാറിൽ സർക്കാറുണ്ടാക്കാൻ എന്തൊരു തിരക്കായിരുന്നു! ഝാർഖണ്ഡിൽ 18 മണിക്കൂറായിട്ടും മിണ്ടാട്ടമില്ല’, വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: ഝാർഖണ്ഡിൽ ഹേമന്ത് സോറൻ രാജിവെച്ചതിനു പിന്നാലെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ചംപായ് സോറൻ ചുമതലയേൽക്കുന്നത് വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഭൂമി കുംഭകോണക്കേസിൽ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഝാർഖണ്ഡ് മുക്തിമോർച്ച ചംപായ് സോറനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

അയൽ സംസ്ഥാനമായ ബിഹാറിൽ, ആർ.ജെ.ഡിയുമായുള്ള സഖ്യം അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെ ജനതാദൾ യുനൈറ്റഡ് നേതാവ് നിതീഷ് കുമാർ ബി.ജെ.പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാൽ,  ഝാർഖണ്ഡിൽ ഗവർണർ സി.പി. രാധാകൃഷ്ണൻ സർക്കാരുണ്ടാക്കാൻ ചംപായ് സോറനെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു കോൺഗ്രസ് എം.പി അഭിഷേക് മനു സിങ്‍വിയുടെ ചോദ്യം.

ഹേമന്ത് സോറൻ എൻ.ഡി.എയിൽ ചേർന്നിരുന്നുവെങ്കിൽ മറ്റൊന്നാകുമായിരുന്നു സ്ഥിതി. ബി.ജെ.പിയുടെ വാഷിങ് മെഷീനിലിട്ട് അദ്ദേഹത്തെ അലക്കിവെളുപ്പിക്കുമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ എങ്ങനെ അട്ടിമറിക്കാം, തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച ഒരു പാർട്ടിയെ എങ്ങനെ ന്യൂനപക്ഷമാക്കി മാറ്റാം, ന്യൂനതകളെ എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്ന വിഷയങ്ങളിൽ പി.എച്ച്ഡിയും പോസ്റ്റ് ഡോക്ടറേറ്റുകളും നൽകാനായി മാത്രം ഒരു ലോകപ്രശസ്ത സർവകലാശാല സ്ഥാപിച്ചിട്ടുണ്ട് ബി.ജെ.പിയെന്നും അദ്ദേഹം പരിഹസിച്ചു.

ലോക​ത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തെ സ്വേച്ഛാധിപത്യപരമായ വ്യവസ്ഥയായി ബി.ജെ.പി മാറ്റിയെടുത്തു. കഴിഞ്ഞ 18 മണിക്കൂറായി ഒരു കാര്യത്തിൽ കനത്ത നിശ്ശബ്ദത തുടരുന്നതിനെ കുറിച്ച് ഞാൻ ഭരണഘടനപരമായ അവകാശം കണക്കിലെടുത്ത് ചോദിക്കുകയാണ്. ഝാർഖണ്ഡ് നിയമസഭയിൽ ഭരണപക്ഷത്തിന് 47 അല്ലെങ്കിൽ 48 എം.എൽ.എമാരും പ്രതിപക്ഷ എം.എൽ.എമാരുടെ എണ്ണം 32 അല്ലെങ്കിൽ 33 ആണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചിട്ടും പുതിയ മുഖ്യമന്ത്രിയെ നിർദേശിച്ചിട്ടും ഗവർണർ കഴിഞ്ഞ 18 മണിക്കൂറായി ഇക്കാര്യത്തിൽ നിഷ്‍ക്രിയത്വം പാലിക്കുന്നത് എന്താണ്? ബിഹാറിൽ ബി.ജെ.പിയോട് കൂട്ടുകൂടിയ നിതീഷ് കുമാർ രാജിവെച്ച് മണിക്കൂറിനകം വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാൽ ഝാർഖണ്ഡിൽ ഗവർണർ ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കുകയാണ്.-സിങ്വി തുടർന്നു.

അയൽ സംസ്ഥാനമായ ബിഹാറിലെ രാഷ്​ട്രീയ സംഭവവികാസങ്ങൾ നോക്കൂ. എത്ര പെട്ടെന്നാണ് ‘പാൽത്തു കുമാർ’ സർക്കാരുണ്ടാക്കാൻ ഗവർണർ എല്ലാ തയാറെടുപ്പുകളും നടത്തിയത്. എന്നാൽ, ഝാർഖണ്ഡിൽ മുഖ്യമന്ത്രി രാജിവെച്ച് 18 മണിക്കൂർ കഴിഞ്ഞിട്ടും ഒരു അനക്കവുമില്ല.

ഏതുതരത്തിലുള്ള ഐൻസ്റ്റീൻ സമവാക്യത്തിനാണ് ഗവർണർ അവിടെ തയാറെടുക്കുന്നത്. 48= 32 ആക്കാനുള്ള ശ്രമമാണോ? ഈ കാലതാമസത്തിന് എന്തു വിശദീകരണമാണ് നൽകാനുള്ളത്. നിങ്ങൾ പ്രധാനമന്ത്രിയുടേയോ ആഭ്യന്തരമന്ത്രിയുടേയോ ഓഫിസിൽ നിന്നുള്ള നിർദേശത്തിന് കാത്തിരിക്കുകയാണോ​? അതല്ലെങ്കിൽ കുതിരക്കച്ചവടത്തിലൂടെ എം.എൽ.എമാരെ വിലക്കെടുക്കാൻ കാത്തിരിക്കുകയാണോ​? അതുമല്ലെങ്കിൽ ജനാധിപത്യ സർക്കാരിനെ പുറത്താക്കി രാഷ്ട്രപതി ഭരണത്തിനായി കാത്തിരിക്കുകയാണോ?കാരണം ഇതാണ് നിങ്ങൾ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ.

ഹേമന്ത് സോറന്റെ രാജിക്കു പിന്നാലെയാണ് മുതിർന്ന നേതാവും ഗതാഗത മന്ത്രിയുമായ ചംപായ് സോറനെ ഝാർഖണ്ഡ് മുക്തി മോർച്ച മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. 81 അംഗ നിയമസഭയിൽ ഭരണസഖ്യത്തിന് 49 പേരുടെ പിന്തുണയുണ്ട്. അതായത്, ഝാർഖണ്ഡ് മുക്തി മോർച്ചക്ക് 29ഉം, കോൺ​ഗ്രസിന് 16ഉം എൻ.സി.പി, സി.പി.ഐ, ആർ.ജെ.ഡി പാർട്ടികൾക്ക് ഓരോന്നു വീതവും എം.എൽ.എമാരാണുള്ളത്.

Tags:    
News Summary - Congress Questions Delay in Swearing in Champai Soren as Jharkhand CM, Points to Quick Action in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.