ന്യൂഡൽഹി: എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കുന്നതിലേക്ക് എത്തിച്ച മാനനഷ്ടക്കേസ് വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളിയ സൂറത്ത് സെഷൻസ് കോടതിവിധിയിൽ നിരവധി പിഴവുകൾ ഉയർത്തിക്കാട്ടി കോൺഗ്രസ്.
നീതിന്യായ സമ്പ്രദായത്തിലെ അടിസ്ഥാന പ്രമാണങ്ങൾ പോലും പരിഗണിക്കാത്ത വിധി നിലനിൽക്കുന്നതല്ലെന്നും ഹൈകോടതിയിൽ ഇക്കാര്യം ഉയർത്തിക്കാട്ടുമെന്നും മുതിർന്ന അഭിഭാഷകൻ കൂടിയായ കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി പറഞ്ഞു.
കോടതി വിധി ഉണ്ടാക്കിയ അപരിഹാര്യ നഷ്ടം എന്താണെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ് 27 പേജ് വരുന്ന ഉത്തരവിൽ പറയുന്നത്. ശിക്ഷയും അതുവഴി എം.പി സ്ഥാന നഷ്ടവും സംഭവിച്ചിരിക്കേ തന്നെയാണിത്. അഴിമതി, കൊലപാതക കേസുകളിലെ വിധികളിൽ വിവിധ കോടതികൾ സ്റ്റേ അനുവദിക്കാതിരിക്കാൻ പറഞ്ഞ കാരണങ്ങളാണ് ഈ അപകീർത്തിക്കേസ് വിധിയിൽ ഉപോൽബലകമാക്കിയത്.
അപകീർത്തിക്കേസ് നൽകിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല. എന്നാൽ പ്രധാനമന്ത്രിയെ അപമാനിച്ചുവെന്ന് ജഡ്ജി പറയുന്നു.
മോദി സമുദായത്തിലെ 13 കോടി ജനങ്ങളെയും അപമാനിച്ചുവെന്ന് ഒപ്പം കൂട്ടിച്ചേർക്കുന്നു. നരേന്ദ്ര മോദിയെക്കുറിച്ച് പറഞ്ഞാൽ മോദി സമുദായത്തെ മൊത്തമായി ബാധിക്കുന്നത് എങ്ങനെയാണെന്നും സിങ്വി ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനം, സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ഒരു സമൂഹത്തിന് എതിരെയാക്കി മാറ്റുകയാണ് അപകീർത്തിക്കേസ് നൽകിയ ബി.ജെ.പി നേതാവ് ചെയ്തത്. ഇതടക്കമുള്ള പ്രശ്നവിഷയങ്ങൾ കോടതി കണക്കിലെടുത്തില്ല.
നിയമബോധത്തിന് നിരക്കുന്നതല്ല കോടതി വിധി. പ്രധാനമന്ത്രി കാര്യാലയത്തിന്റെ നിഴലേറ്റ വിധിയാണിത്. മജിസ്ട്രേറ്റ് കോടതിയുടെ വിധിയിലെ പിഴവുകൾ ശരിവെക്കുകയാണ് സെഷൻസ് കോടതി.
രണ്ടരപ്പേജ് വരുന്ന പ്രസംഗത്തിലെ ഒറ്റവരി പരാമർശം വളച്ചൊടിച്ച രാഷ്ട്രീയപ്രേരിതമായ കേസാണിത്. രാഹുൽ ഗാന്ധിയെ നിശ്ശബ്ദനാക്കാൻ ഇതുകൊണ്ടൊന്നും കഴിയില്ല -സിങ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.