ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ അവകാശവും ഫെഡറലിസവും സംരക്ഷിക്കുന്നതിന് ഒന്നിച്ചുനിൽക്കേണ്ടതുണ്ടെന്നും കേന്ദ്രത്തിനെതിരായ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ കൂട്ടായ്മയിൽനിന്ന് കോൺഗ്രസിനെ മാറ്റിനിർത്തരുതെന്നും സി.പി.എം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു എന്നിവർ ഫെഡറൽ മുന്നണിയെന്ന വിധത്തിൽ സ്വന്തം പേരുകൾ മാത്രം ഉയർത്തിപ്പിടിക്കുന്നരീതി ശരിയല്ലെന്നും പാർട്ടി അഭിപ്രായപ്പെട്ടു.
മുഖപത്രമായ പീപ്ൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലാണ് സി.പി.എം നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനങ്ങളുടെ എല്ലാ അധികാരങ്ങളും രണ്ടാം മോദിസർക്കാർ കവർന്നെടുക്കുകയാണെന്ന് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ജമ്മു–കശ്മീർ വിഭജിച്ചു.
പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ഗവർണർമാർ കേന്ദ്രത്തിന്റെ ഏജന്റുമാരും പാർശ്വവർത്തികളുമായി. ഡൽഹി നിയമം ഭേദഗതിചെയ്ത് ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട ഡൽഹി സർക്കാറിനെ നോക്കുകുത്തിയാക്കി. ഇത്തരത്തിൽ കേന്ദ്രം മുന്നോട്ടുപോകുന്നതിനാൽ പ്രതിപക്ഷ സംസ്ഥാനങ്ങൾ ഒരുമിച്ചുനിൽക്കേണ്ട സമയമാണിത്. എന്നാൽ, പ്രാദേശിക പാര്‍ട്ടികളെ ഒരുമിപ്പിച്ച് മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ രൂപവത്കരിക്കാനുള്ള മമതയുടെ നീക്കം ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്തുക എന്ന യഥാര്ഥലക്ഷ്യത്തിന് നിരക്കുന്നതല്ല. ഫെഡറലിസത്തിനു വേണ്ടിയുള്ള കൂട്ടായ്മകൾ, രാഷ്ട്രീയ സഖ്യനേട്ടങ്ങള്ക്കുവേണ്ടി വിനിയോഗിക്കുന്നത് സംസ്ഥാനങ്ങളുടെ അവകാശ സംരക്ഷണമെന്ന ലക്ഷ്യത്തിന് ഉതകില്ല.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രസർക്കാറിന്റെ കടന്നാക്രമണത്തിന് വിധേയരാകുന്നു. അതിനാല്‍, ബി.ജെപി ഇതരസംസ്ഥാനങ്ങൾ ഫെഡറല്‍ അവകാശ സംരക്ഷണത്തിനായി ഒന്നിച്ച്, ഒരു വേദിയില്‍ അണിനിരക്കണമെന്നും അജണ്ട അതുമാത്രം ആയിരിക്കണമെന്നും മുഖപ്രസംഗം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.