ന്യൂഡൽഹി: ജുഡിഷ്യറിയെ ആക്രമിക്കാൻ ആർ.എസ്.എസിന് ഒത്താശ ചെയ്തുകൊടുക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറാണെന്ന് കോൺഗ്രസ്. ട്വിറ്ററിലൂടെ കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയാണ് കേന്ദ്രസർക്കാറിനെതിരെ വിമർശനമുന്നയിച്ചത്. ചീഫ് ജസ്റ്റിസിനെതിരെ സഹ ജഡ്ജിമാർ ആരോപണമുന്നയിച്ചത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആർ.എസ്.എസ് വക്താവ് ജെ. നന്ദകുമാർ പ്രതികരിച്ചതിന് പുറകെയാണ് കോൺഗ്രസിന്‍റെ വിശദീകരണം.
'ഏറ്റവും പരിതാപകരമായ അവസ്ഥ. ആർ.എസ്.എസിലൂടെ ബി.ജെ.പി ജുഡീഷ്യറിയെ ആക്രമിക്കുകയാണ്. ജനാധിപത്യത്തിന് നാശം സംഭവിക്കുന്ന സമയമാണിത്. നാല് മുതിർന്ന ജഡ്ജിമാർ ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരം വേണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. എന്നാൽ പ്രശ്നം പരിഹരിക്കുകയാണെന്ന മട്ടിൽ ആശയക്കുഴപ്പത്തിലാക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്യുന്നത്' എന്നായിരുന്നു കോൺഗ്രസിന്‍റെ ട്വീറ്റ്.
ആർ.എസ്.എസിന്‍റെ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് ജെ.നന്ദകുമാറിന്‍റെ അഭിപ്രായത്തോടുള്ള പ്രതികരണമായിരുന്നു കോൺഗ്രസിന്‍റേതെന്ന് വ്യക്തമാണ്. സി.പി.ഐ നേതാവ് രാജ സുപ്രീംകോടതി ജഡ്ജിമാരിലൊരാളെ സന്ദർശിച്ചതിന് ശേഷമാണ് ഇവർ പത്രസമ്മേളനം നടത്തിയതെന്നും അതിനാൽ സംഭവത്തിന് പുറകിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു നന്ദകുമാറിന്‍റെ ആരോപണം. സമയം നിർണായകമായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞിരുന്നു.
നാല് ജഡ്ജിമാരും ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണ്. നിയമവ്യവസ്ഥയിൽ സാധാരണ ജനങ്ങൾക്കുള്ള വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ജഡ്ജിമാർ പെരുമാറിയത്. പരസ്യമായാണ് ഇവർ വിഴുപ്പലക്കിയത്. ഇനി ആർക്കും എപ്പോൾ വേണമെങ്കിലും ജഡ്ജമിർക്കെതിരെ ആരോപണം ഉന്നയിക്കാം. സുപ്രീംകോടതിയിൽ മാത്രമല്ല, ഹൈകോടതികളിലും ഇതുതന്നെ സംഭവിക്കാം. ഈ സ്ഥാപനങ്ങളെ രക്ഷിക്കാൻ ഇനി നമുക്കെന്താണ് ചെയ്യാൻ കഴിയുക? എന്നും നന്ദകുമാർ ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.