2034 ൽ മാത്രമേ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാവുകയുള്ളൂ; കാരണം​?

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് പാർലമെന്റിലേക്കും നിയമസഭകളിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് നടത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ബില്ല് പാർലമെന്റിന്റെ അംഗീകാരത്തിന് ഉടൻ കൈമാറാനിരിക്കുകയാണ്. ഈ ബില്ലുകൾ ഒരുമാറ്റവുമില്ലാതെ പാർലമെന്റ് പാസാക്കിയാലും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാവുക 2034 ൽ മാത്രമായിരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

നടപ്പാക്കാൻ വളരെ സമയദൈർഘ്യം ആവശ്യമുള്ള ഒന്നാണിത്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി 82എ(1) എന്ന ഭേദഗതി കൂടി റിപ്പോർട്ടിൽ നിർദേശിക്കുകയുണ്ടായി. അതായത് പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ലോക്സഭ സിറ്റിങ്ങിൽ മാത്രമേ രാഷ്ട്രപതിക്ക് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാൻ സാധിക്കുകയുള്ളൂ. 2029ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം വരുന്ന ലോക്സഭ സിറ്റിങ്ങിൽ മാത്രമേ അത് സാധ്യമാവുകയുള്ളൂ. അന്ന് മാത്രമേ ലോക്സഭ പൂർണരീതിയിൽ സമ്മേളിക്കുകയുള്ളൂ. കാരണം 2024ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ലോക്സഭ സിറ്റിങ് കഴിഞ്ഞുപോയി.

രാജ്യത്തുടനീളം പദ്ധതി നടപ്പാക്കുന്നത് വലിയ ഉത്തരവാദിത്തമായിരിക്കും. ഇപ്പോഴുള്ള നടപടിക്രമങ്ങൾ ഒരു തുടക്കം മാത്രമാണ്. അതിനു ശേഷമാണ് യഥാർഥ ജോലികൾ തുടങ്ങുന്നത്. നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരേസമയം വോട്ട് രേഖപ്പെടുത്തുന്നതിന് പുതിയ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക്(ഇ.വി.എം) തെരഞ്ഞെടുപ്പ് കമീഷൻ ഓർഡർ നൽകേണ്ടി വരും. അതിനു വലിയ സമയവും ആവശ്യമാണ്. തെരഞ്ഞെടുപ്പിന് ആവശ്യമായ അത്രയും ഇ.വി.എമ്മുകൾ കൊണ്ടുവരാൻ തെരഞ്ഞെടുപ്പ് കമീഷന് രണ്ടര മുതൽ മൂന്ന് വർഷം വരെ വേണ്ടി വരും. ചിപ്പുകളുടെയും മറ്റ് സാമ​ഗ്രികളുടെയും സംഭരണത്തിന് മാത്രം ഏഴ് മുതൽ എട്ടുമാസം എടുക്കുമെന്നും പോൾ പാനലിലെ മുതിർന്ന ഉദ്യോഗസ്ഥൻ വിശദീകരിച്ചു. ഒറ്റ രാത്രികൊണ്ട് ഇതൊന്നും വലിയ രീതിയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ല എന്നർഥം. 2025 അവസാനമോ 2026 ആദ്യത്തിലോ ബില്ല് പാസാക്കിയാലും കുറ്റമറ്റ രീതിയിൽ ഒറ്റ തെരഞ്ഞെടുപ്പ് നടത്താൻ കൂടുതൽ സമയം വേണ്ടിവരും.

ലോക്സഭ, രാജ്യസഭ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ് 100 ദിവസത്തിന് ശേഷം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ ഒരേസമയത്ത് നടത്തണമെന്ന നിർദേശമടങ്ങിയ മൂന്നാമതൊരു ബില്ലും രാം നാഥ് കോവിന്ദ് മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഈ നിർദേശം തൽകാലം പരിഗണിക്കേണ്ട എന്നാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. ഈ ഭേദഗതികൾ നടപ്പാക്കാൻ 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പ് ചുമതല സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകൾക്കാണ്.

Tags:    
News Summary - One Nation, One Election may only start in 2034 why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.