ഹൈദരാബാദ്: നടൻ അല്ലു അർജുൻ അറസ്റ്റിലായ വിവരമറിഞ്ഞില്ലെന്നും കേസ് പിൻവലിക്കാൻ തയാറാണെന്നും പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ ഭർത്താവ്. ''കേസ് പിൻവലിക്കാൻ ഞാൻ തയാറാണ്. അറസ്റ്റ് വിവരം ഞാനറിഞ്ഞിരുന്നില്ല. തിക്കിലും തിരക്കിലും പെട്ട് എന്റെ ഭാര്യ മരിച്ചതിൽ അല്ലു അർജുന് ഒരു പങ്കുമില്ല.''-മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ മാധ്യമങ്ങളോട് പറഞ്ഞു.
രേവതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് അല്ലു അർജുനും തിയേറ്റർ മാനേജ്മെന്റിനും എതിരെ കേസ് ഫയൽ ചെയ്തത്. തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 11ന് അല്ലുഅർജുൻ തെലങ്കാന ഹൈകോടതിയെ സമീപിപ്പിച്ചിരുന്നു. ഈ ഹരജി ഹൈകോടതി പരിഗണിക്കുകയാണ്. നിലവിൽ അറസ്റ്റ് ചെയ്ത അല്ലുഅർജുനെ റിമാൻഡ് ചെയ്തിരിക്കുകയാണ് നാമ്പള്ളി മജിസ്ട്രേറ്റ് കോടതി കോടതി.
ഹൈകോടതി തീരുമാനത്തിന് ശേഷമേ നടനെ ജയിലിലേക്ക് മാറ്റുകയള്ളൂ. ഹൈകോടതി വിധി എതിരായാൽ ചഞ്ചൽഗുഡ ജയിലിലാണ് നടനെ പാർപ്പിക്കുക. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ഇന്ന് ജൂബിലി ഹിൽസിലെ വസതയിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോട് അല്ലു കയർത്തിരുന്നു. നടനെതിരെ മനഃപൂർവമുള്ള നരഹത്യ ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പ്രീമിയർ ഷോക്ക് രാത്രി 11ന് എത്തിയ അല്ലു അർജുനെ കാണാൻ ആരാധകരുടെ വലിയ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ദിൽഷുക്നഗർ സ്വദേശിനി രേവതി (35) ഈ തിരക്കിൽപെട്ട് മരിക്കുകയായിരുന്നു. രേവതിയുടെ മകനും പരിക്കേറ്റിരുന്നു.
ഭർത്താവ് ഭാസ്കറിനും രണ്ടു മക്കൾക്കുമൊപ്പമാണ് രേവതി തിയറ്ററിലെത്തിയിരുന്നത്. രേവതിയുടെ കുടുംബത്തിന് എല്ലാ പിന്തണയും നൽകുമെന്നും 25 ലക്ഷംരൂപ സഹായമായി നൽകുമെന്നും അല്ലു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രേവതിയുടെ ഭർത്താവ് ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനിൽ ഈമാസം അഞ്ചിന് പരാതി നൽകി. കേസെടുത്ത പൊലീസ് എട്ടിന് തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തു.
നടൻ തിയറ്ററിൽ വരുന്നതിനു മുന്നോടിയായി മുന്നറിയിപ്പൊന്നും നൽകിയിരുന്നില്ലെന്നും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെന്നും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. വലിയ തോതിൽ ആളുകൾ എത്തിയപ്പോൾ തിരക്ക് നിയന്ത്രിക്കാനുള്ള യാതൊരു സംവിധാനവും തിയേറ്റർ മാനേജ്മെന്‍റ് സ്വീകരിച്ചില്ല. നിരുത്തരവാദപരമായ സമീപനമാണ് അല്ലുവിന്‍റെയും തിയേറ്റർ ഉടമയുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.