മുംബൈ: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 22 വിമത സ്ഥാനാർഥികളെ കോൺഗ്രസ് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. മഹാവികാസ് അഘാഡിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിക്കാൻ ഇറങ്ങിയവരെയാണ് കോൺഗ്രസ് സസ്പെൻഡ് ചെയ്തത്. സംസ്ഥാനത്തെ 288 അംഗ സഭയിലേക്ക് നവംബർ 20നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23നാണ് ഫലപ്രഖ്യാപനം.
മുൻമന്ത്രി രാജേന്ദ്ര മുലാക്, യജ്ഞാവാൽക് ജിച്കർ, കമൽ വ്യവ്ഹാരെ, മനോജ് ഷിൻഡെ, സുരേഷ് പാട്ടീൽ, ആബ ബാഗുൽ എന്നീ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കു നേരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. കോൺഗ്രസിനൊപ്പം ശരദ് പവാർ വിഭാഗം എൻ.സി.പിയും ഉദ്ധവ് വിഭാഗം ശിവസേനയും സഖ്യത്തിന്റെ ഭാഗമാണ്. ഷിൻഡെ വിഭാഗം ഷിവസേന, അജിത് പവാർ വിഭാഗം എൻ.സി.പി, ബി.ജെ.പി എന്നീ പാർട്ടികൾ ചേരുന്ന മഹായൂതി സഖ്യമാണ് മറുഭാഗത്തുള്ളത്.
2019ലെ തെരഞ്ഞെടുപ്പിൽ 105 സീറ്റു നേടിയ ബി.ജെ.പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ശിവസേന 56 സീറ്റിലും കോൺഗ്രസ് 44 ഇടത്തും ജയിച്ചു. ശിവസേന- കോൺഗ്രസ് -എൻ.സി.പി സഖ്യ സർക്കാർ അധികാരത്തിൽ വന്നെങ്കിലും ഏറെ നാൾ നീണ്ടുനിന്നില്ല. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം സേനാനേതാക്കൾ വിഘടിക്കുകയും ബി.ജെ.പിക്കൊപ്പം ചേർന്ന് പുതിയ സർക്കാറിന് രൂപം നൽകുകയും ചെയ്തു. അജിത് പവാറിന്റെ നേതൃത്വത്തിൽ എൻ.സി.പിയും പിളർന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് പ്രവർത്തിച്ച പലരും ഇത്തവണ എതിരാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.