ജഹാംഗീർപുരി സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു

ന്യൂഡൽഹി: ജഹാംഗീർപുരി സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു. മുൻ കേന്ദ്ര മന്ത്രി അജയ് മാക്കൻ, സംസ്ഥാനത്തിന്‍റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി അംഗം ശക്തിസിങ് ഗോഹ്ലി എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് സംഘം വ്യാഴാഴ്ച ജഹാംഗീർപുരിയിലെത്തിയത്.

നേതാക്കളെ തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഹനുമാൻ ജയന്തി ഘോഷയാത്ര വർഗീയ സംഘർഷത്തിൽ കലാശിച്ച ജഹാംഗീർപുരിയിൽ ബി.ജെ.പി ഭരിക്കുന്ന വടക്കൻ ഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പൊലീസിന്റെ സഹായത്തോടെയുള്ള പൊളിച്ചു നീക്കൽ. നിർധന ജനങ്ങൾക്കും അവരുടെ ഉപജീവനമാർഗത്തിനും നേരെയുള്ള ആക്രമണമാണ് നടത്തിയതെന്ന് അജയ് മാക്കൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നിയമത്തെ മറികടന്നാണ് വീടുകളും കടകളും പൊളിച്ചുനീക്കിയത്. ഇത് നിയമവിരുദ്ധമാണ്. നഗരവികനസ മന്ത്രിയായിരുന്ന തനിക്ക് നിയമ വശങ്ങളെ കുറിച്ച് നല്ല ധാരണയുണ്ട്. മുൻകൂട്ടി നോട്ടീസ് നൽകാതെ ഇത്തരത്തിൽ നടപടി സ്വീകരിക്കാനാകില്ല. ബി.ജെ.പി നേതാക്കൾ നുണ പറയുകയാണെന്നും മാക്കൻ കുറ്റപ്പെടുത്തി.

രാജ്യത്തെ വിലക്കയറ്റത്തിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പൊളിച്ചുനീക്കലെന്ന് ശക്തിസിങ് ആരോപിച്ചു. പ്രദേശം സന്ദർശിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ചോദ്യം ചെയ്തു. നേതാക്കൾ ധർണ നടത്തിയെങ്കിലും പൊലീസ് പോകാൻ അനുവദിച്ചില്ല.

Tags:    
News Summary - Congress Team Stopped By Police From Visiting Delhi Demolition Site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.