ന്യൂഡൽഹി: കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് കിട്ടിയ ആകെ സീറ്റുകളുടെ എണ്ണം ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചതിനേക്കാൾ കുറവായിരിക്കുമെന്ന് നരേന്ദ്രമോദി. ഒരു പതിറ്റാണ്ടു കഴിഞ്ഞാലും കോൺഗ്രസിന് 100 സീറ്റ് തികക്കാൻ സാധിച്ചില്ല. ഇൻഡ്യ സഖ്യം മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴതിന്റെ വേഗം പൂർത്തിയായി. എൻ.ഡി.എ എന്നാൽ അധികാരത്തിന് വേണ്ടി ഒരുമിച്ച് നിൽക്കുന്ന പാർട്ടികളുടെ സംഘമല്ല. നാഷൻ ഫസ്റ്റ് എന്ന ആദർശത്തിൽ ഉറച്ചുനിൽക്കുന്നവരുടെ സഖ്യമാണെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബി.ജെ.പി നേടിയത്. എല്ലാ തീരുമാനങ്ങളിലും ഏകാഭിപ്രായം സാധ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പാർലമെന്റിൽ എല്ലാ പാർട്ടികളുടെയും നേതാക്കൾ തുല്യരാണ്. അതുകൊണ്ടാണ് കഴിഞ്ഞ 30 വർഷമായി എൻ.ഡി.എ സഖ്യം ശക്തമായി മുന്നോട്ടു പോകുന്നതെന്നും മോദി പറഞ്ഞു.
എൻ.ഡി.എയുടെ മഹാവിജയമാണിത്. എന്നാൽ എൻ.ഡി.എ തോറ്റുപോയെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. പ്രവർത്തകരുടെ മനോവീര്യം ഉയർത്തുന്നതിന് അവർക്ക് ഇങ്ങനെ പറയേണ്ടി വരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ സഖ്യകക്ഷ സർക്കാരായിരിക്കും ഇത്. പ്രതിപക്ഷം തുടർച്ചയായി ഇ.വി.എമ്മിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ഇന്ത്യയുടെ ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ ജൂൺ നാലിന് അതെല്ലാം അവസാനിച്ചു. ഇനിയൊരു അഞ്ച് കൊല്ലത്തേക്ക് അവർ ഇ.വി.എമ്മിനെ പഴിക്കില്ലെന്ന് കരുതുന്നുവെന്നും മോദി പരിഹസിച്ചു.
കേന്ദ്രമന്ത്രിസഭ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതം രാഷ്ട്രത്തിനായി സമർപ്പിച്ചതാണ്. എൻ.ഡി.എ നേതാവായി തെരഞ്ഞെടുത്തതിൽ മോദി നന്ദിയറിയിച്ചു. തങ്ങൾ പരാജയപ്പെട്ടിട്ടില്ലെന്നും വിജയത്തിൽ ഉൻമത്തരാവുകയോ പരാജയപ്പെട്ടവരെ പരിഹസിക്കുകയോ ചെയ്യുന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.