ന്യൂഡൽഹി: ഞായറാഴ്ച ഫലം വന്ന നാലിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടെങ്കിലും വോട്ട് വിഹിതത്തിൽ കാര്യമായ ഇടിവുണ്ടായില്ല. മാത്രമല്ല ഭരണം നഷ്ടപ്പെട്ട രാജസ്ഥാനിൽ വോട്ട് ശതമാനം വർധിക്കുകയാണ് ചെയ്തത്. അതേസമയം ചെറിയ പാർട്ടികളുടെ വോട്ട് ശതമാനത്തിലുണ്ടായ ചോർച്ചയാണ് ബി.ജെ.പിക്ക് മൂന്ന് സംസ്ഥാനങ്ങളിലും ഭരണം നേടിക്കൊടുത്തത്. ചെറിയ പാർട്ടികൾക്കാർക്കും തന്നെ 2018ൽ നേടിയ വോട്ടുകൾ നേടാനായില്ല.
ഛത്തിസ്ഗഡിൽ കോൺഗ്രസിന് നഷ്ടമായത് 0.78 ശതമാനം വോട്ടുകൾ മാത്രം. 42.23 ശതമാനം വോട്ടുകളാണ് കോൺഗ്രസിന് ലഭിച്ചത്. 2018ൽ 43 ശതമാനമായിരുന്നു കോൺഗ്രസിന് ലഭിച്ച വോട്ടുകളുടെ എണ്ണം. അതേസമയം, 2018നെ അപേക്ഷിച്ച് ബി.ജെ.പിക്ക് 13.27 ശതമാനം വോട്ടുകൾ വർധിച്ചു. ഇക്കുറി 46.27 ശതമാനം വോട്ടുകൾ ബി.ജെ.പി നേടി. 2018ൽ 33 ശതമാനമായിരുന്നു.
ബി.എസ്.പിക്ക് 2.05 ശതമാനവും ജനത കോൺഗ്രസിന് 1.23 ശതമാനവും സി.പി.ഐക്ക് 0.39 ശതമാനവും വോട്ടുകൾ ലഭിച്ചു. 2018ൽ ഈ മൂന്നു പാർട്ടികളുംകൂടി സഖ്യമായി മത്സരിച്ചപ്പോൾ കിട്ടിയത് 7.6 ശതമാനം വോട്ടായിരുന്നു.
ആം ആദ്മി പാർട്ടി -0.93 ശതമാനം, സി.പി.എം -0.04 ശതമാനം, സമാജ്വാദി പാർട്ടി -0.04 ശതമാനം, നോട്ട -1.26 ശതമാനം, സ്വതന്ത്രർ -5.55 ശതമാനം എന്നിങ്ങനെയാണ് വോട്ടുകൾ പിടിച്ചത്.
മധ്യപ്രദേശിൽ കോൺഗ്രസിന് സീറ്റുകളുടെ എണ്ണം കുത്തനെ താഴോട്ടുപോയെങ്കിലും വോട്ടുശതമാനത്തിൽ അരശതമാനത്തിൽ താഴെയേ കുറഞ്ഞുള്ളൂ. 2018ൽ 40.89 ശതമാനമായിരുന്നെങ്കിൽ ഇത്തവണ 40.40 ശതമാനം വോട്ടുകളാണ് ലഭിച്ചത്. അതേസമയം തൂത്തുവാരിയ ബി.ജെ.പിക്ക് ലഭിച്ചത് 48.55 ശതമാനം വോട്ടുകൾ.
41.02 ശതമാനം വോട്ടുകളായിരുന്നു 2018ൽ ബി.ജെ.പിക്ക് ലഭിച്ചത്. ബി.എസ്.പിക്ക് 5.3 ശതമാനം ഉണ്ടായിരുന്നത് 3.40 ശതമാനമായി കുറഞ്ഞു. ആം ആദ്മി പാർട്ടി -0.54 ശതമാനം, എ.ഐ.എം.ഐ.എം -0.09 ശതമാനം, സി.പി.ഐ -0.03 ശതമാനം, സി.പി.എം 0.01 ശതമാനം, ജെ.ഡി.യു 0.02 ശതമാനം, സമാജ്വാദി പാർട്ടി 0.46 ശതമാനം, നോട്ട 0.98 ശതമാനം, സ്വതന്ത്രർ 5.52 ശതമാനം എന്നിങ്ങനെ വോട്ടുകൾ നേടി.
രാജസ്ഥാനിൽ കോൺഗ്രസിന് തുടർഭരണം നഷ്ടമായെങ്കിലും 2018നെ അപേക്ഷിച്ച് ലഭിച്ച വോട്ടുവിഹിതത്തിൽ നേരിയ വർധനയാണ് രേഖപ്പെടുത്തിയത്. 39.53 ശതമാനം വോട്ടുകളാണ് ഇക്കുറി ലഭിച്ച വോട്ടുവിഹിതം. അധികാരം ലഭിച്ച 2018ൽ 39.30 ശതമാനമായിരുന്നു ഇത്. എന്നാൽ, കോൺഗ്രസിൽനിന്ന് അധികാരം പിടിച്ചെടുത്ത ബി.ജെ.പിക്ക് 41.69 ശതമാനം വോട്ടുകൾ ലഭിച്ചു. 2018ൽ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകൾ 38.08 ശതമാനമായിരുന്നു.
ആം ആദ്മി പാർട്ടി -0.38 ശതമാനം, എ.ഐ.എം.ഐ.എം -0.01 ശതമാനം, ബി.എസ്.പി 1.82 ശതമാനം, സി.പി.ഐ -0.04 ശതമാനം, സി.പി.എം -0.96 ശതമാനം, ആർ.എൽ.ടി.പി -2.39 ശതമാനം, സമാജ്വാദി പാർട്ടി -0.01 ശതമാനം, നോട്ട -0.96 ശതമാനം, സ്വതന്ത്രർ -11.90 ശതമാനം എന്നിങ്ങനെ വോട്ടുകൾ നേടി.
ബി.ആർ.എസിനെ മലർത്തിയടിച്ച് തെലങ്കാന പിടിച്ചെടുത്ത കോൺഗ്രസിന് ലഭിച്ചത് 39.40 ശതമാനം വോട്ടുകൾ. 2018നെക്കാൾ 11.36 ശതമാനം അധികം വോട്ടുകളാണ് കോൺഗ്രസ് നേടിയത്. ബി.ആർ.എസിന് 2018ൽ 46.9 ശതമാനം ഉണ്ടായിരുന്നത് 37.35 ശതമാനമായി കുറഞ്ഞു. ബി.ജെ.പിക്ക് ഏഴ് ശതമാനം ഉണ്ടായത് 13.90 ശതമാനത്തിലേക്ക് ഉയർന്നു.
അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് സ്വന്തം തട്ടകത്തിൽ 2.22 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 2018ൽ 2.7 ശതമാനം ആയിരുന്നു ലഭിച്ചത്. എ.ഐ.എഫ്.ബി -0.62 ശതമാനം, ബി.എസ്.പി -1.37 ശതമാനം, സി.പി.ഐ -0.34 ശതമാനം, സി.പി.എം -0.22 ശതമാനം, നോട്ട -0.73 ശതമാനം, സ്വതന്ത്രർ -3.84 ശതമാനം എന്നിങ്ങനെ വോട്ടുകൾ നേടി.
അട്ടിമറി വിജയത്തിലൂടെ മിസോറമിൽ അധികാരം പിടിച്ചെടുത്ത സോറം പീപ്ൾസ് മൂവ്മെന്റിന് (ഇസെഡ്.പി.എം) ലഭിച്ചത് 37.86 ശതമാനം വോട്ടുകൾ. ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടിന് (എം.എൻ.എഫ്) 35.10 ശതമാനം വോട്ടുകളാണ് ലഭിച്ചത്. അതേസമയം, ഒരു സീറ്റ് മാത്രം ലഭിച്ച കോൺഗ്രസിന് 20.82 ശതമാനം വോട്ടുകളും രണ്ട് സീറ്റ് ലഭിച്ച ബി.ജെ.പിക്ക് 5.06 ശതമാനം വോട്ടുകളും ലഭിച്ചു. 2018ൽ കോൺഗ്രസിന് 29.98 ശതമാനം വോട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.