ജമ്മു-കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 20 സീറ്റുകളിൽ മത്സരിക്കും

ന്യൂഡൽഹി: വരാനിരിക്കുന്ന ജമ്മു-കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ നാഷനൽ കോൺഫറൻസുമായി ചേർന്ന് കോൺഗ്രസ് 20 സീറ്റുകളിൽ മത്സരിക്കും.

സി.പി.എമ്മും കോൺഗ്രസും നാഷനൽ കോൺഫറൻസും ഒന്നിച്ചായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക. 90 നിയമസഭ സീറ്റുകളാണ് ജമ്മു-കശ്മീരിൽ ഉള്ളത്. വെള്ളിയാഴ്ച മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് മത്സരിക്കുന്ന സീറ്റുകളും അവയുടെ വിശദാംശങ്ങളും ചർച്ചക്ക് വന്നത്.

മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന നേതാവ് അംബികാ സോണിയും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളുടെ പേരുകൾ നേതാക്കൾ പുറത്തുവിട്ടു.

ജമ്മു-കശ്മീർ മുൻ കോൺഗ്രസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ ഗുലാം അഹമ്മദ് മിർ, ബനിഹാലിൽ നിന്നുള്ള കോൺഗ്രസ് നേതാവ് വികാർ റസൂൽ, ജമ്മുവിൽ നിന്ന് പ്രദീപ് ഭഗത്ത് എന്നിവരും സ്ഥിരീകരിക്കാത്ത മറ്റു രണ്ട് പേരുകളുമാണ് പട്ടികയിൽ. സി.പി.എമ്മിന് ഒരു സീറ്റ് വിട്ടുനൽകാനും സമിതി ധാരണയായിട്ടുണ്ട്.

സീറ്റ് പങ്കിടലും സഖ്യ തന്ത്രങ്ങളും മെനയാൻ മുൻ മന്ത്രി സൽമാൻ ഖുർഷിദിനെ കോൺഗ്രസ് അധികാരപ്പെടുത്തി. അതിനിടെ, ജമ്മു-കശ്മീർ കോൺഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ചെയർമാൻ സുഖ്‌ജീന്ദർ സിംഗ് രൺധാവയുടെ നേതൃത്വത്തിൽ ശനിയാഴ്ച ശ്രീനഗറിൽ യോഗം ചേരും. 

Tags:    
News Summary - Congress will contest on 20 seats in Jammu and Kashmir assembly elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.