ആർ.ജി കർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ സി.ബി.ഐക്ക് കൈമാറി

കൊൽക്കത്ത: ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം നടന്ന ആർ.ജി കർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ സി.ബി.ഐക്ക് കൈമാറി പശ്ചിമ ബംഗാൾ പൊലീസ്. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാൻ കൽക്കട്ട ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ചാണ് പശ്ചിമ ബംഗാൾ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്ക് എല്ലാ രേഖകളും കൈമാറിയത്.

രേഖകൾ കൈമാറുന്നതിനുള്ള നടപടികൾ രാവിലെ 10ന് പൂർത്തിയാക്കണമെന്നായിരുന്നു ജസ്റ്റിസ് രാജർഷി ഭരദ്വാജിന്‍റെ ബെഞ്ചിന്‍റെ നിർദേശമെന്നും സംസ്ഥാന പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്‍റെ കാലത്ത് നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് രാജർഷി ഭരദ്വാജ്, ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് കേന്ദ്ര ഏജൻസി ഇതിനകം തന്നെ അന്വേഷിക്കുന്നുണ്ടെന്നും അതിനാൽ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അതേ ഏജൻസി തന്നെ അന്വേഷണം നടത്തുന്നതാണ് നല്ലതെന്നും പറഞ്ഞിരുന്നു.

രണ്ട് കേസുകളും തമ്മിൽ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർക്ക് കൽക്കട്ട ഹൈകോടതി ചുമതല നൽകി.

ആഗസ്റ്റ് ഒമ്പതിനാണ് കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ 28കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ബലാത്സംഗത്തിന് ശേഷം ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Tags:    
News Summary - West Bengal police hand over documents of RG Kar Hospital to CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.