ആഗ്ര: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാകും മത്സരമെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്. സംസ്ഥാനത്ത് ഇതുവരെ ഒരു പാർട്ടിയുമായി സഖ്യം രൂപപ്പെടുത്തിയിട്ടില്ലെന്ന് അറിയിച്ച അദ്ദേഹം സഖ്യം ഹൃദയത്തിൽനിന്ന് വേണമെന്നും ആരെങ്കിലും തങ്ങളുടെ പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു.
യു.പിയിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ച് ചോദിച്ചപ്പോൾ 'വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പോരാടും. ഞങ്ങളുടെ വിജയത്തിനായി അവർ കഠിനമായി പോരാടുന്നു. അതിനാൽ തന്നെ, അവർ പിന്നീട് മുഖ്യമന്ത്രി മുഖം വെളിപ്പെടുത്തും' -സൽമാൻ ഖുർഷിദ് പറഞ്ഞു.
സാധാരണക്കാരുമായി സംവദിച്ച ശേഷമാണ് കോൺഗ്രസ് പ്രകടന പത്രിക തയാറാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞങ്ങൾ സാധാരണക്കാരോട് സംവദിച്ചു. അത് തയാറാക്കുന്നതിനായി പ്രത്യേക തന്ത്രം രൂപപ്പെടുത്തി. ഈ പ്രകടനപത്രിക സാധാരണക്കാരുടെ ശബ്ദമാകും. കർഷകർക്കും സ്ത്രീ സുരക്ഷക്കുമാണ് ഇതിൽ പ്രധാന്യം. തിങ്കളാഴ്ച ആഗ്രയിലെ ജനങ്ങളുമായി സംവദിക്കും, അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയും' -അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലക്കും പ്രകടന പത്രികയിൽ പ്രധാന്യം നൽകും. കോവിഡ് മഹാമാരി സമയത്ത് രാജ്യത്തിന്‍റെ ആരോഗ്യ മേഖല എത്ര ദുർബലമാണെന്ന് നമ്മൾ മനസിലാക്കി. അതിനാൽ ആരോഗ്യമേഖലയെയും അതിനൊപ്പം വിദ്യാഭ്യാസ മേഖലയെയും ശക്തിപ്പെടുത്തണം -അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത വർഷം ആദ്യത്തോടെയാകും യു.പി നിയമസഭ തെരഞ്ഞെടുപ്പ്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 403ൽ 312 സീറ്റുകൾ നേടി ബി.ജെ.പി ഭരണം പിടിച്ചിരുന്നു. സമാജ്വാദി പാർട്ടിക്ക് 47 സീറ്റുകളും ബി.എസ്.പിക്ക് 19 സീറ്റുകളും ലഭിച്ചു. കോൺഗ്രസിന് ഏഴുസീറ്റുകൾ മാത്രമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.