ന്യൂഡൽഹി: വിവാദ വഖഫ് ഭേദഗതി ബിൽ അംഗീകരിക്കില്ലെന്ന് കോൺഗ്രസ്. കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവാദ ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെയാണ് കോൺഗ്രസ് മാധ്യമങ്ങളെ നിലപാട് അറിയിച്ചത്.
വഖഫ് ബില്ലിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഹരിയാന, ഝാർഖണ്ഡ്, ജമ്മു കശ്മീർ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചാണ് ഈ ബിൽ ഇപ്പോൾ അവതരിപ്പിക്കുന്നത്. ധ്രുവീകരണമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിലും നിയന്ത്രണത്തിലും വഖഫ് ബോർഡുകളുടെയും വഖഫ് ട്രൈബ്യൂണലുകളുടെയും ചിറകരിഞ്ഞുള്ള വിവാദ വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര സർക്കാർ രൂപം നൽകിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കൂടാതെ, വഖഫ് ബോർഡിൽ മുസ്ലിം ഇതരവിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുന്നതായി വാർത്തകളുണ്ട്.
നിലവിലെ വഖഫ് നിയമത്തിൽ 40 ഭേദഗതികൾ നിർദേശിക്കുന്ന ബിൽ നിയമമായാൽ, ഏതെങ്കിലും വഖഫ് സ്വത്തിന്മേൽ ആരെങ്കിലും അവകാശവാദമുന്നയിച്ചാൽ സർക്കാർ പരിശോധന നിർബന്ധമാകും. മന്ത്രിസഭ യോഗ തീരുമാനമായി പ്രഖ്യാപിക്കാതെ ബില്ലിനെ കുറിച്ചുള്ള വിവരം മാധ്യമങ്ങൾക്ക് ‘ചോർത്തി നൽകി’ ഈയാഴ്ച പാർലമെന്റിൽ കൊണ്ടുവരുമെന്നാണ് സൂചന.
ബില്ലിൽ വ്യവസ്ഥ ചെയ്യുന്ന നിർബന്ധിത പരിശോധന സർക്കാർ നടത്താതെ ആ സ്വത്ത് വഖഫായി പ്രഖ്യാപിക്കാൻ സാധ്യമല്ലാത്ത സാഹചര്യം രാജ്യത്ത് സംജാതമാകും. വഖഫ് ബോർഡിന്റെ അധികാരം കവർന്ന് മോദി സർക്കാർ ബില്ലിലൂടെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പ്രധാന മാറ്റവും ഇതാണ്.
വഖഫ് ബോർഡുകളുടെ അധികാരം വെട്ടിക്കുറക്കുന്ന തരത്തിൽ ഘടനയിൽ നടത്തുന്ന അഴിച്ചുപണിയാണ് രണ്ടാമത്തെ പ്രധാന മാറ്റം. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ പുതിയ ബില്ലിൽ എടുത്തുകളഞ്ഞിട്ടുമുണ്ട്. വഖഫ് ബോർഡുകൾക്കുമേൽ സർക്കാർ നിയന്ത്രണം വരുന്നതോടെ ബോർഡുകളുടെ സ്വാതന്ത്ര്യവും സ്വയംഭരണവും നഷ്ടമാകും. വഖഫ് ട്രൈബ്യൂണലുകൾക്കുള്ള അധികാരത്തിലും വെള്ളം ചേർക്കപ്പെടും. രാജ്യത്തൊട്ടാകെയുള്ള 8.7 ലക്ഷം വഖഫ് സ്വത്തുക്കൾ 9.4 ലക്ഷം ഏക്കർ വരുമെന്നാണ് കേന്ദ്ര സർക്കാർ കണക്ക്.
1954ലെ വഖഫ് നിയമത്തിൽ 1996ലും 2013ലും പാർലമെന്റിൽ ഭേദഗതികൾ കൊണ്ടു വന്നാണ് വഖഫ് കൈയേറ്റങ്ങൾ വീണ്ടെടുക്കാനും സംരക്ഷിക്കാനും വഖഫ് ബോർഡുകൾക്ക് അധികാരാവകാശങ്ങൾ നൽകിയത്. എന്നാൽ, വഖഫ് സംരക്ഷണത്തിനായി കൊണ്ടുവന്ന ഇത്തരം വ്യവസ്ഥകൾ എടുത്തുമാറ്റുന്നതാണ് വിവാദ ബിൽ.
നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഗെസറ്റ് വിജ്ഞാപനത്തിലൂടെ, വഖഫ് പട്ടികയിൽപ്പെടുത്തിയ സ്വത്തുക്കളിലും പുനഃപരിശോധനക്കും സർക്കാർ ഇടപെടലിനും ഇത് വഴിയൊരുക്കും. വഖഫ് സ്വത്തുക്കൾക്കുമേൽ സ്വകാര്യവ്യക്തികൾ അവകാശത്തർക്കം ഉന്നയിച്ചാലും സർക്കാർ മേൽനോട്ടത്തിൽ നിർബന്ധ പരിശോധന ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
വഖഫ് ഗെസറ്റ് വിജ്ഞാപനം
സംസ്ഥാന സർക്കാർ നിയോഗിക്കുന്ന സർവേ കമീഷണർ പരിശോധന നടത്തിയ ശേഷമാണ് വഖഫ് സ്വത്തുക്കളുടെ പട്ടിക വിജ്ഞാപനം ചെയ്യുക. തുടർന്ന് ഗെസറ്റ് വിജ്ഞാപനത്തിൽ ആക്ഷേപങ്ങളുണ്ടെങ്കിൽ ഒരു വർഷം വരെ അത് ചോദ്യം ചെയ്യാനുള്ള സമയപരിധിയുമുണ്ട്. ഗെസറ്റ് വിജ്ഞാപനത്തിന്മേൽ ഒരു വർഷത്തിനകം ആരും ആക്ഷേപമുന്നയിച്ചില്ലെങ്കിൽ അത് വഖഫ് സ്വത്തായി മാറും.
ഇത്തരം വ്യവസ്ഥാപിതമായ നിയമ നടപടിക്രമത്തിലൂടെ നിലനിൽക്കുന്ന വഖഫ് സ്വത്തുക്കൾ വീണ്ടും സർക്കാറിന്റെ പുനരവലോകനത്തിനും പുനഃപരിശോധനക്കും വിധേയമാക്കുന്നതാണ് പുതിയ ബിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.