ന്യൂഡൽഹി: പാർട്ടി പരിശീലന ക്ലാസുകളിൽ പങ്കെടുക്കാത്തവരെ ഇനിമുതൽ സംഘടനാപരമായ പ്രധാന ചുമതലകളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന രാഹുൽ ഗാന്ധിയുടെ നിർദേശം കോൺഗ്രസ് കർശനമായി നടപ്പാക്കുമെന്ന് സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കോൺഗ്രസ് പ്രവർത്തകർക്ക് പരിശീലനം നിർബന്ധമാക്കും. പരിശീലനം നേടിയ സന്നദ്ധഭടന്മാരുടെ സേനയായി കോൺഗ്രസിനെ മാറ്റുകയാണ് ലക്ഷ്യമെന്നും വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങൾ മുതൽ ബൂത്ത് പ്രസിഡൻറ് വരെയുള്ള മുഴുവൻ ആളുകളും നിർബന്ധിതമായ വാർഷിക പരിശീലനത്തിലൂടെ കടന്നുപോകുന്നതരത്തിൽ കോൺഗ്രസ് പ്ലീനറി സെഷനിൽ മാറ്റം കൊണ്ടുവരും. വാർധയിൽ നടന്ന നാലു ദിവസത്തെ അഖിലേന്ത്യ പരിശീലന ശിബിര സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വേണുഗോപാൽ. ഇന്ന് കാണുന്ന ഇന്ത്യ ഇത്തരത്തിൽ രൂപപ്പെട്ടതിൽ കോൺഗ്രസിെൻറ പങ്ക് പാർട്ടിയിലേക്ക് കടന്നുവരുന്നവരും എല്ലാ പാർട്ടി അംഗങ്ങളും പ്രവർത്തകരും നിർബന്ധമായി പഠിച്ചിരിക്കണം. ഡിസംബറിൽ പി.സി.സി തലത്തിലും തുടർന്ന് ജനുവരിയിൽ ജില്ല കോൺഗ്രസ് കമ്മിറ്റി തലത്തിലും ഫെബ്രുവരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളിലും തുടർന്ന് താഴേതട്ടിലും പരിശീലന പരിപാടി സംഘടിപ്പിക്കും. അതുവഴി ആശയാടിത്തറയുള്ള പ്രവർത്തകരെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.