രാജ്യം കടുത്ത ആഭ്യന്തര, ബാഹ്യ സുരക്ഷ ഭീഷണികളിലാണെന്ന മുന്നറിയിപ്പോടെ പുതിയ കോൺഗ്രസ് പ്രവർത്തക സമിതിയുടെ പ്രഥമ യോഗത്തിന് ഹൈദരാബാദിൽ തുടക്കം. രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷഭീഷണിയും മുൻനിർത്തി നടത്തിയ ചർച്ചയിലാണ് പ്രവർത്തക സമിതിയുടെ മുന്നറിയിപ്പുണ്ടാകുന്നത്.
ഉച്ചക്കുശേഷം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തിയതോടെയാണ് ദ്വിദിന പ്രവർത്തക സമിതിക്ക് തുടക്കമായത്. മുഖ്യ പ്രതിപക്ഷ പാർട്ടിയെന്ന നിലക്ക് ജനങ്ങളുടെ ശബ്ദമാകണമെന്നും പാർട്ടിയുടെ ആഭ്യന്തര ചർച്ചകളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്നും ഖാർഗെ അധ്യക്ഷ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. ഇൻഡ്യ സഖ്യത്തിന്റെ വിജയത്തിന് ഒറ്റക്കെട്ടായി നിൽക്കാൻ പാർട്ടി പ്രവർത്തകരോട് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ പ്രവർത്തക സമിതി, ഭരണഘടനയും ഫെഡറലിസവും നേരിടുന്ന ഭീഷണികൾ ചർച്ച ചെയ്തുവെന്ന് പ്രവർത്തക സമിതി നടപടികൾ വിശദീകരിച്ച മുൻ കേന്ദ്രമന്ത്രി പി. ചിദംബരം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലേക്കും ലോക്സഭ തെരഞ്ഞെടുപ്പിലേക്കുമുള്ള തന്ത്രങ്ങൾ രണ്ടാം ദിവസമായ ഞായറാഴ്ച ചേരുന്ന വിശാല പ്രവർത്തക സമിതി ചർച്ച ചെയ്യുമെന്നും ചിദംബരം പറഞ്ഞു. പുതിയ ഭരണഘടനയുണ്ടാക്കാനും നിലവിലുള്ള ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാനുമുള്ള ആഹ്വാനങ്ങൾ പ്രവർത്തക സമിതി അംഗീകരിച്ച പ്രമേയം തള്ളിക്കളഞ്ഞു.
പാർലമെന്റിന് അകത്തും പുറത്തും ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ സംവാദങ്ങൾ വിഷം പുരട്ടിയതും വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതുമാണ്. ഇന്ത്യൻ ഭൂപ്രദേശത്തേക്ക് ചൈന കടന്നുകയറിയിട്ടും കൈയേറ്റമില്ലെന്ന് ക്ലീൻ ചിറ്റ് നൽകുകയാണ് പ്രധാനമന്ത്രി.
നിരവധി രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രിക്ക് രണ്ടു മണിക്കൂർ മാത്രം വിമാനദൂരമുള്ള, കലാപം 157 ദിവസം പിന്നിട്ട മണിപ്പൂർ സന്ദർശിക്കാൻ സമയമില്ല. 370ാം അനുച്ഛേദം റദ്ദാക്കിയ ജമ്മു-കശ്മീർ സാധാരണ നിലയിലാണെന്നാണ് സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം.
എന്നാൽ, മൂന്നുദിവസം മുമ്പ് ഒരു കേണലും മേജറും ഡിവൈ.എസ്.പിയും ഭടനും ഭീകരരാൽ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിൽ ജമ്മു-കശ്മീർ വിലപിക്കുമ്പോൾ സർക്കാറും ബി.ജെ.പി ആസ്ഥാനവും ജി20 ആഘോഷിക്കുകയായിരുന്നു. ഫെഡറലിസത്തെ തകിടംമറിച്ചും വരുമാനം നിഷേധിച്ചും സംസ്ഥാന സർക്കാറുകളെ ഉത്തരവാദിത്ത നിർവഹണത്തിൽനിന്ന് തടയുകയാണ്. റിസർവ് ബാങ്ക് പലിശനിരക്ക് വർധിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതിനർഥം വിലക്കയറ്റം വർധിക്കുന്നുവെന്നാണ് -സമിതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.