കുൽഭൂഷൺ ഇന്ത്യയുടെ മകൻ; പാകിസ്താൻ പ്രത്യാഘാതം നേരിടേണ്ടി വരും: സുഷമ സ്വരാജ്

ന്യൂഡൽഹി: ഇന്ത്യൻ നാവികോദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ വധശിക്ഷക്ക് വിധിച്ച പാകിസ്താൻ നടപടിയിൽ പാർലമെന്‍റിൽ പ്രതിഷേധം. ഇതിന്‍റെ പ്രത്യാഘാതം പാകിസ്താൻ നേരിടേണ്ടിവരുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ പ്രഖ്യാപിച്ചു. കുൽഭൂഷൺ ഇന്ത്യയുടെ മകനാണ്. അദ്ദേഹത്തെ മോചിപ്പിക്കാൻ നിയമം വിട്ടും പ്രവർത്തിക്കുമെന്ന് സുഷമ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.  

പാകിസ്താൻ നടപടിയിൽ പാർലമെന്‍റിൽ എം.പിമാർ ഒന്നടങ്കം പ്രതിഷേധമറിയിച്ചു. കുൽഭൂഷൺ ജാദവിന്‍റെ ജീവൻ രക്ഷിക്കാനും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനും ഇന്ത്യൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന് നീതി ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ആഭ്യന്ത്ര മന്ത്രി രാജ്നാഥ്സിങ് സഭക്ക് ഉറപ്പ് നൽകി.

കുൽഭൂഷൺ ജാദവിനെ വധശിക്ഷക്ക് വിധിച്ച നടപടിയെ ഇന്ത്യ അപലപിക്കുന്നു. നീതിയുടേയും നിയമത്തിന്‍റെയും അടിസ്ഥാനതത്വങ്ങൾ പോലും കാറ്റിൽ പറത്തുന്നതാണ് നടപടി. കുൽഭൂഷൺ യാദവിന് നീതി ലഭിക്കാനാവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് സഭക്ക് ഉറപ്പ്് നൽകുന്നു^ രാജ്നാഥ് വ്യക്തമാക്കി.

ജാദവിനെ രക്ഷിക്കാനായി വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് നേരത്തേ കോൺഗ്രസ് ആവശ്യപ്പട്ടിരുന്നു.

ചാരപ്രവൃത്തി നടത്തിയെന്ന തെറ്റായ ആരോപണം ചുമത്തിയാണ് പാകിസ്താൻ ജാദവിന് വധശിക്ഷ വിധിച്ചത്. ഈയവസരത്തിൽ സർക്കാർ മൗനം ഭജിക്കുന്നതെന്തുകൊണ്ടാണ് എന്ന് കോൺഗ്രസിന്‍റെ ലോക്സഭാകക്ഷി നേതാവ് മല്ലാകർജുൻ ഖാർഗെ ചോദിച്ചു. ജാദവ് തൂക്കിലേറ്റപ്പെടുകയാണെങ്കിൽ അതൊരു കൊലപാതകമായിരിക്കും. അദ്ദേഹത്തെ മോചിപ്പിക്കാൻ കഴിയാത്തത് സർക്കാരിന്‍റെ ദൗർബല്യമായേ വിലയിരുത്താനാകൂ എന്നും ഖാർഗെ പറഞ്ഞു.

സർക്കാരിന്‍റെ സ്വാധീനം പ്രയോഗിക്കേണ്ട ഘട്ടമാണിത്. ജാദവിനെ രക്ഷിക്കാനായി സർക്കാർ ഇതുവരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നോ? യാദവിനെ രക്ഷിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഹൈദരാബാദിൽ നിന്നുള്ള എം.പിയായ അസദുദ്ദീൻ ഒവൈസി പറഞ്ഞു.

ഭരണ^പ്രതിപക്ഷ വ്യത്യാസമില്ലാതെ ഈ പ്രശ്നത്തിൽ എല്ലാവരും ഒന്നിച്ചുനിൽക്കണം. നാമെല്ലാം ഇന്ത്യാക്കാരാണ്. ഐക്യരാഷ്ട്രസഭയിലും ഇക്കാര്യം ഉന്നയിക്കണം. ബി.ജെ.ഡി എം.പി ജേ പാണ്ഡെ വ്യക്തമാക്കി.

കഴിഞ്ഞ വർഷം മാർച്ചിലാണ് ചാരപ്രവൃത്തി ആരോപിച്ച് കുൽഭൂഷൺ ജാദവിനെ പാകിസ്താൻ പിടികൂടിയത്. പട്ടാളക്കോടതി ഇദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ച കാര്യം ഇന്നലെ ഒരു പത്രക്കുറിപ്പിലൂടെയാണ് പാകിസ്താൻ പുറത്തുവിട്ടത്. തങ്ങൾക്ക് ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു.

Tags:    
News Summary - Consider Consequences, India Warns Pakistan On Kulbhushan Jadhav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.