ന്യൂഡൽഹി: വംശീയാതിക്രമത്തിെൻറ ഭാഗമായി കലാപമുണ്ടാക്കിയതിലും കൊലപാതകത്തിലും പ്രതിയാണെന്നു പറഞ്ഞാണ് ഡൽഹി പൊലീസ് ശരീഫ് മാലിക്കിനെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ, ഒരുമാസം മുമ്പ് കോടതിയിൽ പൊലീസ് മലക്കംമറിഞ്ഞു. ശരീഫിെൻറ അറസ്റ്റ് ആവശ്യമില്ലെന്ന് പൊലീസ് ബോധിപ്പിച്ചു.
ഡൽഹി കലാപക്കേസിൽ രജിസ്റ്റർ െചയ്ത മൂന്ന് കേസുകളിലും അറസ്റ്റിന് മുമ്പുതന്നെ നവംബർ 24ന് ശരീഫ് മാലിക്കിന് പൊലീസ് ജാമ്യവും ലഭ്യമാക്കി. ഇതേ ശരീഫ് മാലിക് പ്രാചക്കെതിരായ കേസിെൻറയും റെയ്ഡിെൻറയും നെടുന്തൂണായി മാറുന്നതാണ് പിന്നീട് കണ്ടത്.ശരീഫ് നൽകിയ പരാതിയാണ് ഒരുമാസം കഴിഞ്ഞ് ഇപ്പോൾ അഡ്വ. പ്രാചയുടെ ഒാഫിസിലെ റെയ്ഡിന് കാരണമായത്.
വംശീയാതിക്രമത്തിന് ഇരയായ ഇർഷാദ് അലിയെ അഡ്വ. മഹ്മൂദ് പ്രാച വിളിച്ചുവെന്ന് പറയുന്നു. ശരീഫ് മാലിക് തീവെപ്പിന് സാക്ഷിയാണെന്നും മാലിക്കിെൻറ കേസുമായി ഇർശാദ് അലിയുടെ കേസ് ബന്ധിപ്പിച്ചാൽ കൂടുതൽ ബലം ലഭിക്കുമെന്നും പറഞ്ഞുവെന്നും ഡൽഹി പൊലീസ് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇതേ കേസിലെ ഗുൽഫാം എന്ന പ്രതിയുെട അഭിഭാഷകൻ പ്രാചയായിരുന്നുവെന്നും ആ നിലക്കാണ് വിളിച്ചതെന്നുമാണ് പൊലീസ് വാദം.
എന്നാൽ തന്നെ പ്രാച വിളിച്ചിട്ടില്ലെന്നും സ്വന്തം നിലക്ക് അഭിഭാഷകനെ തേടി താൻ പ്രാചയുടെ അടുത്ത് പോയതാണെന്നും അലി മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, തെൻറ കട കൊള്ളയടിച്ച് കത്തിച്ചത് മുസ്ലിംകളല്ലെന്നും തനിക്കറിയുന്ന ദീപക്, നവ്നീത്, മിൻറു എന്നിവരടക്കമുള്ള ഹിന്ദുക്കളാണെന്നും ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈൻ അടക്കമുള്ള മുസ്ലിംകളെ പൊലീസ് പ്രതിപ്പട്ടികയിൽ ചേർത്തതാണെന്നും കോടതിക്കുമുന്നിൽ ഇർശാദ് അലി ബോധിപ്പിച്ചു. ഇർശാദ് അലിക്കുവേണ്ടി ഇക്കാര്യം ബോധിപ്പിച്ചത് ജാവേദ് അലി എന്ന അഭിഭാഷകനായിരുന്നു.
അതേസമയം, കലാപത്തിൽ കട കത്തിച്ചത് താൻ കണ്ടുവെന്ന തരത്തിൽ അഡ്വ. പ്രാച കേസ് കെട്ടിച്ചമച്ചതാണെന്ന് ശരീഫ് മാലിക് കോടതിക്ക് മൊഴി നൽകി. ഇതുകൂടാതെ ഇർശാദ് അലിയുടെ സത്യവാങ്മൂലത്തിൽ പബ്ലിക് നോട്ടറിയുടെ ഒപ്പ് മൂന്നുവർഷം മുമ്പ് മരിച്ച സഞ്ജയ് സ്കസേനയുേടതാണെന്നും അതിനാൽ രേഖ കെട്ടിച്ചമച്ചതാണെന്നും ഡൽഹി പൊലീസ് ആരോപിച്ചു. ഇവ രണ്ടിെൻറയും അടിസ്ഥാനത്തിൽ അഡ്വ. പ്രാചക്കെതിരെ അന്വേഷണം നടത്താൻ അഡീഷനൽ െസഷൻസ് ജഡ്ജി ഉത്തരവിടുകയായിരുന്നു.
ആ ഉത്തരവിൽ പ്രതികാര നടപടി തുടങ്ങിയ ഡൽഹി പൊലീസ് സ്പെഷൽ സെൽ പ്രാചക്ക് നോട്ടീസ് അയച്ചു. ശരീഫ് മാലിക്കിെൻറ പേരിൽ അഡ്വ. പ്രാച നിരവധി കേസുകൾ വംശീയാതിക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതൊന്നും തെൻറ അറിവോടെയല്ലെന്നുമാണ് ശരീഫ് മാലിക് പറയുന്നതെന്നും അതിനാൽ തങ്ങൾക്ക് ഒാഫിസ് പരിശോധിക്കേണ്ടതുണ്ടെന്നും നോട്ടീസിൽ അറിയിച്ചു. വംശീയാതിക്രമ ഇരകളെ പ്രതികളാക്കുന്ന ഡൽഹി പൊലീസിെൻറ സാക്ഷികളെയും തെളിവുകളെയും കോടതിക്കുമുന്നിൽ തുറന്നുകാട്ടിയതാണ് അഡ്വ. പ്രാചക്കും അഡ്വ. ജാവേദ് അലിക്കുമെതിരായ റെയ്ഡിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.