ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങി. ശശി തരൂർ ഉൾപ്പെടെ മൂന്ന് പേർ നാമനിർദേശ പത്രികാ ഫോം വാങ്ങി. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി പ്രതികരിച്ചു. അതിനിടെ, രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കങ്ങൾ സച്ചിൻ പൈലറ്റ് ആരംഭിച്ചു.
രാവിലെ 11 മണി മുതൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം തുടങ്ങി. ശശി തരൂർ എം.പിയുടെ പ്രതിനിധി എത്തിയാണ് പത്രികാ ഫോം വാങ്ങിയത്. ഈ മാസം 30ന് തരൂർ നാമനിർദേശ പത്രിക സമർപ്പിക്കും. തരൂരിന് പുറമെ ഉത്തർ പ്രദേശിൽ നിന്നുള്ള വിനോദ് സാത്തി, ഹിമാചൽ പ്രദേശിൽ നിന്ന് ലക്ഷ്മികാന്ത് ശർമ എന്നിവരും നാമനിർദേശ പത്രിക ഫോം വാങ്ങി.
അശോക് ഗെഹ്ലോട്ട് തിങ്കളാഴ്ച പത്രികാ ഫോം കൈപ്പറ്റും. വിമത സ്ഥാനാർഥിയായി ജി-23ൽ നിന്ന് മനീഷ് തിവാരിയും മത്സരിക്കുമെന്നാണ് സൂചന. ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെ ജി 23ക്ക് അവസാനമാവുകയാണെന്ന് ഗ്രൂപ്പിലെ നേതാവ് കൂടിയായ അശോക് ചവാൻ പറഞ്ഞു.
ഗെഹ്ലോട്ട് അധ്യക്ഷനാവുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കങ്ങൾ രാജസ്ഥാനിൽ സച്ചിന്‍ പൈലറ്റ് ആരംഭിച്ചിരിക്കുകയാണ്. എം.എൽ.എമാരുമായി സച്ചിൻ പൈലറ്റ് ആശയ വിനിമയം നടത്തി. ഭൂരിഭാഗം എം.എൽ.എമാരുടെ പിന്തുണ അശോക് ഗെഹ്ലോട്ടിനാണ്. തന്നെ അധികാരക്കൊതിയനായി ചിത്രീകരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ഗെഹ്ലോട്ട് രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.