ഗുജറാത്തിൽ കരതൊടാനൊരുങ്ങി ബിപോർജോയ്; ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു, തീര ​പട്രോളിങ് ശക്തം, സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

അഹമ്മദാബാദ്: തീവ്രതയേറിയ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. കാറ്റ് തീരംതൊടുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഗുജറാത്തിലും മുംബൈ തീരത്തും കടലേറ്റം രൂക്ഷമാണ്. മുംബൈയിൽ കനത്തമഴയും കാറ്റും തുടരുകയാണ്. ഗുജറാത്തിലെ കച്ചിൽ കാറ്റ് ആഞ്ഞുവീശുമെന്നാണ് കാലാവസ്ഥാ പ്രചവനം. മുൻകരുതൽ നടപടിയായി തീരദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കൽ തുടരുകയാണ്. മണിക്കൂറിൽ 150 കിലോമീറ്റർവരെ വേഗത്തിലായിരിക്കും കാറ്റ് കരതൊടുക.

കച്ച് - ദ്വാരക പ്രദേശങ്ങളിൽ നിന്ന് 12000-ഓളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. തീരുത്ത് 10 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവരെ ഒഴിപ്പിച്ച് ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 7,500 ഓളം പേരെ മാറ്റിക്കഴിഞ്ഞു. ഒഴിപ്പിക്കൽ തുടരുകയാണ്. തുറമുഖങ്ങൾ അടച്ചു.

ദേശീയ -സംസ്ഥാന ദുരന്ത നിവാരണ സംഘങ്ങളുടെ 12 ടീമുകളെ മുൻകരുതൽ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. താത്കാലിക ഷെൽട്ടറുകൾ നിർമിക്കുക, ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കുക തുടങ്ങിയ ​പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ​സായുധ സേനക്കും നാവിക സേനക്കും പുറമെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പുകളും തീരത്ത് പട്രോളിങ് നടത്തുന്നുണ്ട്.

മോശം കാലാവസ്ഥ വിമാനഗതാഗതത്തെയും ബാധിച്ചു. മുംബൈ വിമാനത്താവളത്തിലെ റൺവേ താത്‌കാലികമായി അടച്ചു. ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി. മുംബൈയിൽ ഇറങ്ങേണ്ടിയിരുന്ന പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു. പല വിമാനങ്ങളും വൈകി.

അതിനിടെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതലയോഗം ചേർന്നിരുന്നു. സംസ്ഥാന-കേന്ദ്ര സേനകൾ ജാഗ്രതപാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ മുംബൈയിൽ കടൽ പ്രക്ഷുബ്ധമായിരിക്കെ രണ്ടു കുട്ടികളെ കടലിൽ കാണാതായി. ഒരു കുട്ടി കടലിൽ മുങ്ങി മരിക്കുകയും ചെയ്തു.

ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ സൗരാഷ്ട്ര, കച്ച്, കറാച്ചി തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചത്. 150 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. വ്യാഴംവരെ ഗുജറാത്തിൽ അതിശക്തമായ മഴയും കാറ്റുമുണ്ടാകും. തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ഏഴിന് ‘ബിപോർജോയ്’ ആയി രൂപംപ്രാപിച്ചത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ 67 ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിലൂടെയുള്ള തിരുനെൽവേലി -ജാംനഗർ ട്രെയിനും റദ്ദാക്കിയതിൽ ഉൾപ്പെടും.

Tags:    
News Summary - Control Room, Sea Patrolling: Gujarat Preps For Cyclone Biparjoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.