ന്യൂഡൽഹി: കോവിഡ് പ്രതിരോധം ഫലപ്രദമാക്കേണ്ട നേരത്ത് വിവാദ പരിഷ്കരണങ്ങളുമായി മോദിസർക്കാർ. തന്ത്രപ്രധാനമായ പ്രതിരോധ, ബഹിരാകാശ, ആണവ, വ്യോമയാന മേഖലകളിൽ വൻതോതിൽ സ്വകാര്യ, വിദേശ നിക്ഷേപ അവസരം നൽകാനുള്ള സർക്കാർ തീരുമാനത്തിനുമുന്നിൽ ഈ മേഖലയിലെ വിദഗ്ധർ തന്നെ നെറ്റിചുളിക്കുകയാണ്.
20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിെൻറ വിശദാംശങ്ങൾ കോവിഡ് പ്രതിസന്ധി നേരിടുന്നവർക്കുള്ള കൈത്താങ്ങും സാമ്പത്തിക മേഖലക്കുള്ള ഉത്തേജനവുമായി മാറുമെന്ന പ്രതീക്ഷയാണ് സർക്കാർ മാറ്റിമറിക്കുന്നത്.
ധനമന്ത്രി നിർമല സീതാരാമൻ ഗഡുക്കളായി ദിനേന പുറത്തിറക്കുന്ന പാക്കേജ് വിശദാംശങ്ങൾ അർഹിക്കുന്ന ദുരിതകാല സഹായമായല്ല, പുതിയ ബജറ്റ് പ്രഖ്യാപനങ്ങളായി മാറുകയാണ്. തന്ത്രപ്രധാന മേഖലകൾ തീറെഴുതാൻ ലോക്ഡൗൺ നിശ്ശബ്ദത അവസരമാക്കുന്ന പ്രതീതിയാണ് ഉണ്ടാവുന്നത്. ആറു വിമാനത്താവളങ്ങൾ കൂടി വിൽപനക്കുവെച്ചിരിക്കുന്നു. നേരത്തേ വിൽപനക്കുവെച്ച ആറിൽ നാലും കൈപിടിയിൽ ഒതുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യവസായ സുഹൃത്ത് ഗൗതം അദാനിയാണ്.
സൈനികവും തന്ത്രപരവുമായ കാര്യങ്ങൾക്ക് നീക്കിവെച്ചിരുന്ന 40 ശതമാനം വ്യോമേമഖല, എളുപ്പത്തിൽ വിവിധ നഗരങ്ങളിലേക്ക് പറന്നെത്താൻ പാകത്തിൽ യാത്രാ വിമാനങ്ങൾക്ക് തുറന്നുകൊടുക്കുകയാണ്. വിമാനക്കമ്പനികളെ നഷ്ടത്തിൽനിന്ന് കരകയറ്റാനെന്ന പേരിലാണ് 1,000 കോടിയുടെ പ്രതിവർഷ ലാഭം അവർക്ക് ഉണ്ടാക്കിക്കൊടുക്കുന്നത്. പോർവിമാനങ്ങൾ സഞ്ചരിക്കേണ്ട വഴികളാണ് ഇങ്ങനെ വിട്ടുകൊടുക്കുന്നത്.
എണ്ണവില കുറഞ്ഞതുവഴിയുള്ള വിമാന ഇന്ധന വിലക്കുറവ് പ്രയോജനപ്പെടുത്തുന്ന കമ്പനികൾ, കോവിഡ് കാല ടിക്കറ്റ് ബുക്കിങ്ങിെൻറ മുഴുവൻ തുകയും യാത്രക്കാർക്കു തിരിച്ചുകൊടുക്കാതെ പോക്കറ്റിൽ വെച്ചിരിക്കുകയാണ്. ഇതിനൊപ്പമാണ് പുതിയ ആനുകൂല്യം.
സ്വദേശിയും സ്വാശ്രയത്വവും പറയുേമ്പാൾതന്നെയാണ് സൈനിക സാമഗ്രികളുടെ നിർമാണ രംഗത്ത് പ്രത്യക്ഷ വിദേശ നിക്ഷേപ തോത് 49ൽ നിന്ന് 74 ശതമാനമാക്കി ഉയർത്തുന്നത്. കോർപറേറ്റ് താൽപര്യങ്ങളാണ് ഇന്ത്യയിൽ നിർമിക്കാമെന്ന മുദ്രാവാക്യത്തെ നയിക്കുന്നതെന്ന് ഒരിക്കൽക്കൂടി വെളിവാക്കുക കൂടിയാണ് ഇതിലൂടെ മോദി സർക്കാർ ചെയ്യുന്നത്.
ഉപഗ്രഹ വിക്ഷേപണം മുതൽ ബഹിരാകാശ വിനോദയാത്ര വരെ സ്വകാര്യ മേഖലക്കായി തുറന്നുവെക്കുകയും, അതിന് ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയുടെ സൗകര്യങ്ങൾ അവർക്ക് വിട്ടുകൊടുക്കുകയുമാണ്. കൽക്കരിയുടെയും ധാതുക്കളുടെയും ഖനികൾ ഇനി സ്വകാര്യമേഖല കുത്തിവാരുന്ന സ്ഥിതിയാണ് ഖനന മേഖലയിലെ പുതിയ ഇളവുകളിലൂടെ ഉണ്ടാകുന്നത്.
കോവിഡ് പ്രതിരോധത്തിെൻറ ഉത്തരവാദിത്തമത്രയും സംസ്ഥാനങ്ങളുടെ തലയിൽവെച്ച് ഒളിച്ചുകളിക്കുന്നതിനിടെയാണ് ഇഷ്ടപ്പെട്ട പരിഷ്കരണങ്ങൾ പാക്കേജിെൻറ രൂപത്തിൽ പിന്നാമ്പുറത്തുകൂടി നടപ്പാക്കുന്നത്. വളർച്ചയും തൊഴിലവസരവുമാണ് ലക്ഷ്യമിടുന്നതെന്നു പറയുന്നുവെങ്കിലും, സംരക്ഷിക്കുന്നത് പണി പോയി ഞെരുങ്ങുന്ന വിഭാഗങ്ങളെയല്ല. മറിച്ച്, കോർപറേറ്റുകൾക്ക് തടിച്ചുകൊഴുക്കാൻ അവസരമൊരുക്കുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.