മീററ്റ് (യു.പി): ഉത്തർപ്രദേശിലെ മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത്തിനെ ഭാര്യയും കാമുകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയതിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സൗരഭിന്റെ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ദുർമന്ത്രവാദത്തിനുപയോഗിച്ചെന്നും പൊലീസ് പറയുന്നു.
സൗരഭിനെ കൊലപ്പെടുത്തുകയും വെട്ടിനുറുക്കുകയും ചെയ്ത ശേഷം ഇദ്ദേഹത്തിന്റെ തലയും കൈകളും ഭാര്യ മുസ്കാൻ റസ്തോഗിയുടെ കാമുകൻ സാഹിൽ സ്വന്തം മുറിയിലേക്ക് കൊണ്ടുവന്ന് ദുർമന്ത്രവാദം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. സാഹിൽ മയക്കുമരുന്നിനടിമയും അതീന്ദ്രിയ ശക്തികളെ വിശ്വസിക്കുന്നയാളുമായിരുന്നു. അധികം ആരോടും സംസാരിക്കാത്ത പ്രകൃതം. സൗരഭിന് ഉറക്കു ഗുളിക നൽകി മയക്കിയശേഷമാണ് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയത്. സാഹിൽ കത്തി നൽകിയശേഷം മുസ്കാനോട് നെഞ്ചിൽ മൂന്നു തവണ കത്തി കുത്തിയിറക്കാൻ പറയുകയായിരുന്നു.
ഭാർത്താവ് ഇല്ലാതാകുന്നതോടെ നമുക്ക് ഒരുമിച്ച് ജീവിക്കാമെന്ന വാഗ്ദാനം നൽകിയാണ് കൊലക്ക് പ്രേരിപ്പിച്ചത്. പ്രതിയുടെ മുറിയിൽനിന്ന് വിചിത്രമായ ചുവരെഴുത്തുകളും താന്ത്രിക ചിഹ്നങ്ങളും സാത്താന്‍റെ ചിത്രങ്ങളും അന്വേഷണ സംഘം കണ്ടെത്തി. കറുപ്പും ചുവപ്പും നിറത്തിലുള്ള താന്ത്രിക ചിഹ്നങ്ങളും ഭയാനകമായ ചുവരെഴുത്തുകളുമാണ് മുറിയിലുള്ളത്. മുറിയിൽ ബിയർ കാനുകളും ബീഡിക്കുറ്റികളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. തന്നെ ഏറെ സ്നേഹിച്ച ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ മകൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് മുസ്കാന്‍റെ മാതാപിതാക്കൾ തന്നെ രംഗത്തുവന്നിരുന്നു. തങ്ങളുടെ മകൾക്ക് ജീവിക്കാൻ അർഹതയില്ലെന്നും മരണംവരെ തൂക്കിലേറ്റണമെന്നും മുസ്കാന്‍റെ പിതാവ് പ്രമോദ് റസ്തോഗി ദേശീയ പ്രതികരിച്ചു.
സൗരഭിന്‍റെയും മുസ്കാന്‍റെയും മകൾ മുസ്കാന്റെ രക്ഷിതാക്കൾക്കൊപ്പമാണിപ്പോൾ. സൗരഭ് ലണ്ടനിലേക്ക് പോയതുമുതൽ മുസ്കാൻ എല്ലാവരിൽ നിന്നും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. മുസ്‌കാൻ ഭർതൃവീട്ടുകാരുമായി ഒത്തുപോകാറില്ലായിരുന്നെന്നും അമ്മ പറഞ്ഞു. മുസ്‌കാനെ സൗരഭ് ഗാഢമായി സ്നേഹിച്ചിരുന്നെന്നും മാതാപിതാക്കൾ വ്യക്തമാക്കി.
കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ, സൗരഭ് ഹിൽ സ്റ്റേഷനിലേക്ക് യാത്ര പോയിരിക്കുകയാണെന്നാണ് മുസ്കാൻ പറഞ്ഞത്. സൗരഭിന്‍റെ ഫോണുമായി ഇരുവരും ഭാര്യയും കാമുകനും മണാലിയിലേക്ക് പോകുകയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഫോൺ വഴി ചിത്രങ്ങൾ അപ്ലോഡ് ചെയ്യുകയും ചെയ്തു. എന്നാൽ, കുടുംബാംഗങ്ങളുടെ കാൾ എടുക്കാതായതോടെ സംശയം തോന്നി പരാതി നൽകുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും ചോദ്യംചെയ്തത്.
ഭാര്യയുടെയും മകളുടെയും ജന്മദിനമാഘോഷിക്കാൻ ലണ്ടനിൽനിന്നെത്തിയതായിരുന്നു സൗരഭ്. തങ്ങളുടെ മയക്കുമരുന്നുപയോഗം സൗരഭ് നിർത്തുമോയെന്ന ഭയംകൊണ്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് മുസ്കാൻ പറഞ്ഞു. സൗരഭ് ലണ്ടനിലേക്ക് പോയപ്പോൾ മുസ്കാനെ തങ്ങൾക്കൊപ്പം നിർത്താൻ അവളുടെ മാതാപിതാക്കൾക്ക് താത്പര്യമുണ്ടായിരുന്നു. എന്നാൽ, സ്വതന്ത്രയായി നിൽക്കാനായിരുന്നു അവളുടെ താത്പര്യം. അതിനെ സൗരഭും അനുകൂലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.