'ശ്രീരാമ സേനക്കാർ എന്റെ വണ്ടി തകർത്തപ്പോൾ പൊലീസ് നോക്കിനിന്നു' -പരാതിയുമായി കർണാടകയിലെ മുസ്‍ലിം കച്ചവടക്കാരൻ

ധർവാഡ് ജില്ലയിൽ നഗ്ഗികേരി ഹനുമാൻ ക്ഷേത്രത്തിനു മുന്നിലെ മുസ്‍ലിം വ്യാപാരികളുടെ ഉന്തുവണ്ടികൾ ശ്രീരാമ സേനക്കാർ തകർത്ത സംഭവത്തിൽ പൊലീസ് നോക്കുകുത്തിയായി നിന്നതായി പരാതി. മുസ്‍ലിം കച്ചവടക്കാർ സ്റ്റാളിൽ വിൽപനക്ക് വെച്ചിരുന്ന സാധങ്ങളെല്ലാം ശ്രീരാമ സേനക്കാർ റോഡിൽ വലിച്ചെറിയുകയായിരുന്നു. അക്രമികൾ ത​ന്റെ വണ്ടി തകർത്തപ്പോൾ പൊലീസ് നിശബ്ദരായി നോക്കി നിൽക്കുകയായിരുന്നെന്ന് നഗ്ഗിക്കേരിയിലെ കച്ചവടക്കാരനായ നബിസാബ് കില്ലേദാർ ആരോപിച്ചു.

ഇരുപത് വർഷത്തിലേറെയായി ഹനുമാൻ ക്ഷേത്രത്തിന് പുറത്ത് പഴങ്ങൾ വിൽക്കുന്നുണ്ടെന്നും ക്ഷേത്രത്തിൽ നിന്ന് യാതൊരു വിവേചനവും മുമ്പ് അഭിമുഖീകരിച്ചിരുന്നില്ലെന്നും നബിസാബ് കൂട്ടിച്ചേർത്തു. ഏപ്രിൽ 10ന് ശ്രീരാമ സേനക്കാർ അക്രമാസക്തരായി ഇദ്ദേഹത്തിന്റെതടക്കമുള്ള ഉന്തുവണ്ടികൾ തകർത്ത് ആയിരക്കണക്കിന് തണ്ണിമത്തനുകൾ നിലത്തടിഞ്ഞു കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.




 അക്രമത്തിനിരയായവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി സന്നദ്ധസംഘടനകൾ ധനസമാഹരണ കാമ്പയിനുകൾ നടത്തിയിരുന്നു. തനിക്ക് ധനസഹായവും പിന്തുണയും നൽകിയ ആളുകൾക്ക് നബിസാബ് നന്ദിയറിയിച്ചു. തന്‍റെ കച്ചവടം തുടരാൻ അനുവദിക്കണമെന്നും ഹനുമാൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് പഴങ്ങൾ വിൽക്കുന്നതിന് തന്നെ അനുവദിക്കണമെന്നും നബിസാബ് ആവശ്യപ്പെട്ടു.

''നൂറു വർഷത്തോളമായി ഞങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നത്. ഇവിടുത്തെ ഹിന്ദുക്കളും മുസ്‍ലിംകളും നാലഞ്ചു തലമുറകളെങ്കിലും ഒരുമിച്ചു പണിയെടുത്തു ഭക്ഷണം കഴിക്കുന്നവരാണ്. അക്രമികൾ ഗ്രാമത്തിന് പുറത്ത് നിന്നുള്ളവരാണ്, ഞങ്ങളുടെ ഹിന്ദു സുഹൃത്തുക്കളല്ല. പെട്ടെന്ന് ഒരു മുന്നറിയിപ്പും കൂടാതെയാണ് അവർ എന്റെ വണ്ടി നശിപ്പിക്കാൻ തുടങ്ങിയത്. ശ്രീരാമസേനയോ മറ്റാരെങ്കിലുമോ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ ഞങ്ങൾ കമ്മിറ്റിയെ അറിയിക്കുമായിരുന്നു. ഇവിടെ വിൽക്കരുത് എന്ന് പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ പോകുമായിരുന്നു. അവർ പത്തുപേരോളം ഉണ്ടായിരുന്നു. ഞാൻ തനിച്ചായിരുന്നു. അവർ അക്രമാസക്തരായപ്പോൾ ഞാൻ അവിടെ നിന്നും മാറി. വണ്ടി നഷ്‌ടപ്പെടുകയാണെങ്കിൽ എപ്പോഴെങ്കിലും മറ്റൊന്ന് വാങ്ങാൻ കഴിഞ്ഞേക്കും, എന്നാൽ ജീവനിൽ പേടി തോന്നിയത് കൊണ്ടാണ് മാറിനിന്നത്' -നബിസാബ് വ്യക്തമാക്കി.

സംസ്ഥാനത്തെ മറ്റ് ക്ഷേത്രങ്ങളെപ്പോലെ നഗ്ഗിക്കേരി ക്ഷേത്ര പരിസരത്തും ആരൊക്കെ സ്റ്റാളുകൾ സ്ഥാപിക്കണമെന്ന് തീരുമാനിക്കുന്നതിന് ഒരു കമ്മിറ്റിയുണ്ടെന്നും പതിറ്റാണ്ടുകളായി പൂക്കളും പഴങ്ങളും മറ്റ് പൂജാസാധനങ്ങളും വിൽക്കുന്നതിൽ തനിക്കോ മറ്റ് മൂന്ന് മുസ്ലീം കച്ചവടക്കാർക്കോ എതിർപ്പുണ്ടായിരുന്നില്ലെന്നും നബിസാബ് കൂട്ടിച്ചേർത്തു. മുസ്‌ലിംകളുമായി ക്ഷേത്ര കമ്മിറ്റിക്ക് ഒരു പ്രശ്‌നവുമില്ല. ഈ സംഭവത്തിന് ശേഷവും ക്ഷേത്രത്തിന് പുറത്ത് കച്ചവടം തുടരണോ വേണ്ടയോ എന്ന് ചോദിച്ച് കമ്മിറ്റിക്കും സമുദായ നേതാക്കൾക്കും ഒരു മെമ്മോറാണ്ടം നൽകിയിട്ടുണ്ടെന്നും തങ്ങളുടെ സമുദായത്തിന്‍റെ ഉടമസ്ഥതയിലുള്ള അഞ്ജുമാൻ കോംപ്ലക്‌സ് എന്ന സ്ഥലത്ത് കുറഞ്ഞത് 12 കടകളെങ്കിലും ലിംഗായത്ത് ജാതിയിൽ നിന്നുള്ള ആളുകൾക്ക് വാടകയ്ക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉഡുപ്പിയിലെ മാരി ഗുഡി മേളയിൽ തുടങ്ങി കർണാടകയിലുടനീളം ഒരു മാസത്തിലേറെയായി ഹിന്ദുത്വ സംഘടനകൾ മുസ്ലിം വിരുദ്ധ പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ക്ഷേത്രങ്ങൾക്ക് സമീപമോ ക്ഷേത്രത്തിലെ ഉത്സവ സമയത്തോ വിൽക്കുന്ന ചെറുകിട മുസ്ലിം വ്യാപാരികളാണ് അവരുടെ ലക്ഷ്യം. കർണാടക ഹിന്ദു മത സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ എൻഡോവ്‌മെന്റ് നിയമത്തിന്റെയും 2002ലെ നിയമം ദുരുപയോഗം ചെയ്തുകൊണ്ട് ഭരണകക്ഷിയായ ബി.ജെ.പിയും ഈ പ്രചാരണത്തെ പിന്തുണച്ചിട്ടുണ്ടെന്നും നബിസാബ് വ്യക്തമാക്കി.

അതേസമയം ഹിന്ദു ക്ഷേത്രങ്ങൾക്ക് സമീപം കച്ചവടം നടത്തരുതെന്ന് ഒരു മാസം മുമ്പ് മുന്നറിയിപ്പ് നൽകിയതായി അവകാശപ്പെട്ട് ശ്രീരാമസേന തങ്ങളുടെ നടപടികളെ ന്യായീകരിച്ചു. മുസ്ലീം കച്ചവടക്കാർ സ്ഥലം മാറ്റാത്തതാണ് പ്രശ്നങ്ങൾക്ക് വകവെച്ചതെന്നും അവർ വാദിച്ചു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് ഇതിന് പിന്നിൽ പ്രവർത്തിച്ച നാല് സുപ്രധാന നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ടെന്നും കർണാടക ഡി.ജിയും ഐ.ജി.പിയുമായ പ്രവീൺ സൂദ് പറഞ്ഞു.

Tags:    
News Summary - Cops watched on as mob vandalised my cart: Muslim vendor targeted in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.