ന്യൂഡൽഹി: 2019-20ൽ ബി.ജെ.പിക്ക് വ്യക്തിഗത -കോർപറേറ്റ് ധനസഹായമായി ലഭിച്ചത് 750കോടി രൂപ. ഏഴുവർഷത്തെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ വ്യക്തിഗത, കോർപറേറ്റ് ആനുകൂല്യം കൈപ്പറ്റിയ പാർട്ടിയായി ഇതോടെ ബി.ജെ.പി മാറി.
തെരഞ്ഞെടുപ്പ് കമീഷനിൽ സമർപ്പിച്ച സംഭാവന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇക്കാലയളവിൽ കോൺഗ്രസിന് ലഭിച്ചത് 139 കോടി രൂപയാണ്. എൻ.സി.പി -59 കോടി, തൃണമൂൽ കോൺഗ്രസ് എട്ടുകോടി, സി.പി.എം -19.6 കോടി, സി.പി.ഐ 1.9 കോടി എന്നിങ്ങനെയാണ് സംഭാവന സ്വീകരിച്ച കണക്കുകൾ.
ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്‍റെ ജുപ്പീറ്റർ കാപ്പിറ്റൽ, ഐ.ടി.സി ഗ്രൂപ്പ്, റിയൽ എസ്റ്റേറ്റ് കമ്പനീസ് മാക്രോടെക് ഡെവലപ്പേർസ്, ബി.ജി ഷിർക്കെ കൺസ്ട്രക്ഷൻ ടെക്നോളജി, പ്രുഡന്‍റ് ഇലക്ടറൽ ട്രസ്റ്റ്, ജൻകല്യാൺ ഇലക്ടറൽ ട്രസ്റ്റ് തുടങ്ങിയവയാണ് ബി.ജെ.പിക്ക് ഭീമൻ തുക സംഭാവനയായി നൽകിയവർ.
2019 ഓക്ടോബറിൽ ഗുൽമാർഗ് റിയൽ എസ്റ്റേറ്റ് കമ്പനിയിൽനിന്ന് 20 കോടി രൂപ ബി.ജെ.പിക്ക് ലഭിച്ചിരുന്നു. ബിൽഡർ സുധാകർ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. 2020 ജനുവരിയിൽ സുധാകറിന്‍റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.
14 വിദ്യാഭ്യാസ സ്ഥാപനങ്ങളും ബി.ജെ.പിക്ക് പണം നൽകിയവരിൽ ഉൾപ്പെടും. മേവർ യൂനിവേഴ്സിറ്റി, ഡൽഹി -രണ്ടുകോടി, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് -10 ലക്ഷം, ജി.ഡി ഗോയങ്ക ഇന്‍റർനാഷനൽ സ്കൂൾ, സൂരത്ത് -2.5 ലക്ഷം തുടങ്ങിയവയാണ് അവ.
നിരവധി എം.പിമാർ, എം.എൽ.എമാർ ഉൾപ്പെടെ പാർട്ടി അംഗങ്ങളും ബി.ജെ.പിക്ക് സംഭാവന നൽകിയിട്ടുണ്ട്. രാജ്യസഭ എം.പി രാജീവ് ചന്ദ്രശേഖർ രണ്ടുകോടി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ -അഞ്ചുലക്ഷം, അരുണാചൽ പ്രേദശ് മുഖ്യമന്ത്രി പേമ ഖണ്ഡു -1.1കോടി, കിരൺ ഖേർ -6.8 ലക്ഷം എന്നിങ്ങനെയാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.