അലീഗഢ്: അലീഗഢ് മുനിസിപ്പൽ കോർപറേഷനിൽ ഉർദുവിൽ സത്യപ്രതിജ്ഞ ചെയ്ത ബഹുജൻ സമാജ് പാർട്ടി കൗൺസിലർക്കെതിരെ കേസ്. അതേസമയം, സത്യവാചകം ചൊല്ലുന്നതിനിടെ തന്നെ മർദിച്ച ബി.ജെ.പി കൗൺസിലർമാർക്കെതിരെ ഇദ്ദേഹം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതുമില്ല. െഎ.പി.സി 295എ പ്രകാരം മുശർറഫ് ഹുസൈനെതിരെയാണ് ബന്നദേവി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഏതെങ്കിലും മതവിഭാഗത്തെയോ അവരുടെ വിശ്വാസത്തെയോ മനഃപൂർവം വ്രണപ്പെടുത്തിയെന്നാണ് കുറ്റം.
പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നു പറഞ്ഞ മുശർറഫ് ഹുസൈൻ, ഭരണഘടനയിലെ 22 ഭാഷകളിലൊന്നായ ഉർദു ഹിന്ദിക്കൊപ്പം ഉത്തർപ്രദേശിലെ ഒൗദ്യോഗിക ഭാഷയാണെന്ന് വ്യക്തമാക്കി. മർദിച്ചവർക്കെതിരെ നൽകിയ പരാതി പരിശോധിക്കുകയാണെന്ന് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ജിതേന്ദ്ര ദീക്ഷിത് പറഞ്ഞു. ഉർദുവിൽ സത്യവാചകം ചൊല്ലിയതിനല്ല കേസെന്നും ഇൗ നടപടി സംഘർഷത്തിന് ഇടയാക്കിയെന്നതിലാണ് പൊലീസ് ഇടപെട്ടതെന്നും അദ്ദേഹം ന്യായീകരിച്ചു.
സത്യപ്രതിജ്ഞയുടെ പേരിൽ ബി.ജെ.പി വർഗീയ സംഘർഷമുണ്ടാക്കുകയാണെന്ന് അലീഗഢിലെ പുതിയ മേയർ ബി.എസ്.പിയിലെ മുഹമ്മദ് ഫുർഖാൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി ബി.ജെ.പി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു.
ഇൗ വർഷം മാർച്ചിൽ പുതിയ നിയമസഭയിൽ 13 ബി.ജെ.പിക്കാരെ സംസ്കൃതത്തിൽ സത്യവാചകം ചൊല്ലാൻ അനുവദിച്ച സ്പീക്കർ, ഉർദു ഉപയോഗിച്ച രണ്ട് സമാജ്വാദി പാർട്ടി എം.എൽ.എമാരെക്കൊണ്ട് ഹിന്ദിയിൽ വീണ്ടും സത്യവാചകം ചൊല്ലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.