റോബർട്ട് വാദ്ര, സിദ്ധരാമയ്യ

സിദ്ധരാമയ്യക്കും വാദ്രക്കുമെതിരെ 9600 കോടി രൂപയുടെ ഭൂമി കുംഭകോണ ആരോപണം

ബംഗളൂരു: മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയും ഉൾപ്പെടെ നിരവധി പേർക്കെതിരെ അഴിമതി ആരോപണവുമായി ബി.ജെ.പി നേതാവ് ലോകായുക്തയിൽ പരാതി നൽകി. റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡി.എൽ.എഫുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും പരിസരങ്ങളിലുമായി 9600 കോടി രൂപ വിലവരുന്ന 1100 ഏക്കർ ഭൂമി സിദ്ധരാമയ്യ മുഖ്യമന്ത്രിയായ കാലത്തെ ഭരണസംവിധാനം ഉപയോഗിച്ച് തട്ടിയെടുത്തെന്നാണ് പരാതി.

ബി.ജെ.പി ബംഗളൂരു സൗത്ത് ജില്ല പ്രസിഡന്റ് എൻ.ആർ. രമേശ് സമർപ്പിച്ച പരാതിയിൽ മലയാളി എം.എൽ.എമാരടക്കമുള്ള കോൺഗ്രസ് നേതാക്കളും ഉദ്യോഗസ്ഥരും ആരോപണവിധേയരാണ്.നിയമസഭ പ്രതിപക്ഷ ഉപനേതാവും മംഗളൂരു എം.എൽ.എയുമായ ഉപ്പള സ്വദേശി യു.ടി. ഖാദർ, മുൻമന്ത്രിയും കോട്ടയം ചിങ്ങവനം സ്വദേശിയുമായ സർവജ്ഞ നഗർ എം.എൽ.എ കെ.ജെ. ജോർജ്, ശാന്തി നഗർ എം.എൽ.എ എൻ.എ. ഹാരിസ്, എം.എൽ.എമാരായ കൃഷ്ണ ബൈരെഗൗഡ, സമീർ അഹ്മദ് ഖാൻ, എം.ബി. പാട്ടീൽ, ദിനേശ് ഗുണ്ടുറാവു, കൃഷ്ണപ്പ, ഒമ്പത് മുതിർന്ന ഐ.എ.എസ്, അഞ്ച് മുതിർന്ന കെ.എ.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 21 ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്.

സിദ്ധരാമയ്യ സർക്കാർ അധികാരത്തിലിരുന്ന 2013-18 കാലത്ത് ഡി.എൽ.എഫിന് പദനപാളയ, വർതൂർ, നരസിപുര ഗംഗനഹള്ളി മേഖലയിലെ ഭൂമി കൈമാറി എന്നാണ് പരാതി. കേസ് സി.ഐ.ഡിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്ത് നൽകി.

Tags:    
News Summary - Corruption allegation against Siddaramaiah and Vadra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.