അഴിമതി: അനിൽ ദേശ് മുഖിന് തിരിച്ചടി; സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി

ന്യൂഡൽഹി: 100 കോടിയുടെ അഴിമതി ആരോപണത്തിൽ സി.ബി.ഐ അന്വേഷണത്തിനെതിരായ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്‍റെ ഹരജി സുപ്രീംകോടതി തള്ളി. ദേശ്മുഖിനെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യ ഗൗരവമുള്ളതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ദേശ്മുഖിന്‍റെ ഹരജിയിൽ കോടതിക്ക് ഇടപെടാനാവില്ല. ഈ വിഷയത്തിൽ സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്നും അന്വേഷണം തുടരട്ടെ എന്നും സുപ്രീംകോടതി വ്യക്തമാക്കി.

അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണത്തിൽ ബോംബെ ഹൈകോടതിയാണ് നേരത്തെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതേതുടർന്ന് ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

ബാറുകളിൽ നിന്നും പബ്ബുകളിൽ നിന്നും 100 കോടി രൂപ പിരിച്ചു നൽകാൻ പൊലീസിനോട് ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് മുംബൈ പൊലീസ് മുൻ മേധാവി പരംവീർ സിങ്ങാണ് ആരോപണം ഉന്നയിച്ചത്.

റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തു നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ പരംവീർ സിങ്ങിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശ്മുഖിനെതിരെ പരംവീർ സിങ് ആരോപണവുമായി രംഗത്തെത്തിയത്.

Tags:    
News Summary - Corruption: Anil Deshmukh hits back; Supreme Court gives green light to CBI probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.